മുംബൈ- എംബിബിഎസ് വിദ്യാര്‍ഥിനി സ്വാദിച്ഛ സെയ്ന്‍ 2021ല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് മുംബൈ ക്രൈംബ്രാഞ്ച്. 'ലാസ്റ്റ് പഴ്‌സന്‍ സീന്‍' സിദ്ധാന്തമനുസരിച്ച്, സെയ്നെ അവസാനമായി കണ്ട ലൈഫ്ഗാര്‍ഡ് മിത്തു സിങ്ങിന് എതിരെയാണു കുറ്റം ചുമത്തിയിട്ടുള്ളത്. ലൈംഗികബന്ധത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് മിത്തു കൊലപാതകം ചെയ്തെന്നു കുറ്റപത്രത്തില്‍ പറയുന്നു.
ബാന്ദ്രയിലെ ബാന്‍ഡ്സ്റ്റാന്‍ഡിലായിരുന്നു സംഭവം. താനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നു മിത്തു ആവശ്യപ്പെട്ടതിനു പിന്നാലെ തര്‍ക്കമുണ്ടായെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. മിത്തു പാറക്കെട്ടിലേക്കു തള്ളിയിടുകയോ സ്വാദിച്ഛ സെയ്ന്‍ മറിഞ്ഞുവീഴുകയോ ചെയ്തതായിരിക്കാം എന്നാണു നിഗമനം. യുവതിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊലപാതകം ചെയ്തെന്നു സമ്മതിച്ച മിത്തു, സ്വാദിച്ഛയുടെ മൃതദേഹം കടലില്‍ തള്ളിയെന്നാണു പറയുന്നതെന്നും പോലീസ് വ്യക്തമാക്കി.
മൃതദേഹം ഉപേക്ഷിച്ചെന്നു പറഞ്ഞ സ്ഥലത്തു പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. 2021 നവംബര്‍ 29നാണ് സെയ്നെ കാണാതായതായി പിതാവ് പോലീസില്‍ പരാതി നല്‍കിയത്. ബാന്ദ്ര പോലീസ് അന്വേഷിച്ച കേസ് ഈ വര്‍ഷം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും കൊലപാതകമാണെന്ന നിഗമനത്തില്‍ എത്തുകയും ചെയ്തു. മിത്തു സിങ്ങിനെ കൂടാതെ സുഹൃത്ത് ജബ്ബാര്‍ അന്‍സാരിക്കെതിരെയും 1,790 പേജുള്ള കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ സെയ്നെ സന്തോഷവതിയായി കണ്ടതിനാല്‍ തട്ടിക്കൊണ്ടുപോകല്‍ കുറ്റം ഒഴിവാക്കി.
മിത്തു സിങ്ങിന്റെ ബാന്ദ്രയിലെ വീടും പരിസരവും കഴിഞ്ഞദിവസം പോലീസ് പരിശോധിച്ചിരുന്നു. പൂന്തോട്ടം കുഴിച്ചും പരിശോധിച്ചെന്നാണു വിവരം. 100 സാക്ഷികളുള്ള കേസില്‍ നാലു പേര്‍ മജിസ്ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കി. ബാന്ദ്രയില്‍ ചൈനീസ് സ്റ്റാള്‍ നടത്തുന്ന മിത്തു സിങ്ങിന്റെ രണ്ടു തൊഴിലാളികളാണ് ഇയാള്‍ക്കെതിരെ മൊഴി നല്‍കിയത്. 'അവളുമായി സെക്സ് ചെയ്തിരുന്നോ' എന്ന തരത്തില്‍ മിത്തുവിനോടു ഫോണില്‍ അന്‍സാരി സംസാരിക്കുന്നതു കേട്ടെന്നാണ് ഇതിലൊരാളുടെ മൊഴി.
സെയ്നെ കാണാതായി രണ്ടു ദിവസത്തിനുശേഷം കടലില്‍ ഒരു മൃതദേഹം ഒഴുകുന്നതായി അറിഞ്ഞപ്പോള്‍, 'അതൊരു പുരുഷന്റെ മൃതദേഹമായതു നന്നായി. സ്ത്രീയുടേതായിരുന്നെങ്കില്‍ നമ്മള്‍ രണ്ടുപേരും ജയിലിലായേനെ' എന്നു മദ്യലഹരിയില്‍ അന്‍സാരിയും മിത്തുവും പറയുന്നതു കേട്ടെന്നും മൊഴിയുണ്ട്. മൃതദേഹം പോലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ച് ഫലത്തിനായി കാത്തിരിക്കുകയാണ്. തന്റെ ചൈനീസ് സ്റ്റാള്‍ സാധാരണ പുലര്‍ച്ചെ മൂന്നു മണിക്കാണു മിത്തു അടയ്ക്കാറുള്ളത്. എന്നാല്‍ കൊലപാതകദിവസം നേരത്തേ അടയ്ക്കാന്‍ നിര്‍ദേശിച്ചു. സെയ്നയും മിത്തുവും ഒരുമിച്ച് പാറക്കെട്ടിലേക്കു നടക്കുന്നതു കണ്ടെന്നും മിത്തു ഒറ്റയ്ക്കാണു തിരികെ വന്നതെന്നും പഞ്ചനക്ഷത്ര ഹോട്ടലിലെ മൂന്നു സുരക്ഷാ ജീവനക്കാര്‍ പറഞ്ഞു.