അഹമ്മദബാദ്- ഭാര്യയ്‌ക്കെതിരെ ബലാത്സംഗ പരാതിയുമായി ഭര്‍ത്താവ്. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ യുവാവാണ് ഭാര്യക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. 10 വര്‍ഷമായി ഭാര്യ തന്നെ ബലാത്സംഗം ചെയ്യുകയാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. നേരത്തെ ഇയാള്‍ പരാതി പോലീസില്‍ നല്‍കിയിരുന്നെങ്കിലും പോലീസ് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
മുന്‍വിവാഹത്തെ പറ്റി ഭാര്യ മറച്ചുവെച്ചുവെന്നും ലൈംഗികബന്ധം സ്ഥാപിക്കാന്‍ തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിക്കാരന്‍ പറയുന്നു. 10 വര്‍ഷമായി വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്.കുട്ടികളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയതിന് ശേഷമാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. കുട്ടികളില്‍ ഒരാളുടെ പിതാവ് താനോ മുന്‍ ഭര്‍ത്താവോ അല്ലെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ പരാതി സൂറത്തിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഫയലില്‍ സ്വീകരിച്ചു.