Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബുള്‍ഡോസര്‍ വീണ്ടും; ദല്‍ഹിയില്‍ 250 വര്‍ഷം പഴക്കമുളള പള്ളിയോട് ചേര്‍ന്നുള്ള മദ്രസ തകര്‍ത്തു

ന്യൂദല്‍ഹി- ദല്‍ഹിയില്‍ രണ്ടര നൂറ്റാണ്ട് പഴക്കമുള്ള പള്ളിയുടെ കീഴിലുള്ള മദ്രസ അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ബംഗാളി മാര്‍ക്കറ്റിലാണ് സംഭവം. മദ്രസ പൊളിക്കുന്നതിനിടെ പള്ളിയുടെ ഒരു ഭാഗവും തകര്‍ക്കപ്പെട്ടു.
നഗര വികസന മന്ത്രാലയത്തിനു കീഴിലുള്ള ലാന്‍ഡ് ആന്റ് ഡെവലപ്‌മെന്റ് ഓഫീസ് അധികൃതരാണ് വന്‍ പോലീസ് സന്നാഹത്തോടെ എത്തി മദ്രസ കെട്ടിടം തകര്‍ത്തത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ലാന്‍ഡ് ഡെവലപ്‌മെന്റ് ഓഫസ് മേധാവി സുവാശിഷ് ദാസ് പറഞ്ഞു.
പള്ളിക്ക് 250 വര്‍ഷം പഴക്കമുണ്ടെങ്കിലും തകര്‍ത്ത ഭാഗം അടുത്തിടെ നിര്‍മിച്ചതാണെന്നും നവീകരണത്തിന്റെ ഭാഗമായി രണ്ട് മുറികള്‍ കൂടി നിര്‍മിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പള്ളി അധികൃതര്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയാണ് പുലര്‍ച്ചെ ആറരയോടെ തഹ്ഫീസുല്‍ ഖുര്‍ആന്‍ മദ്രസ തകര്‍ത്തതെന്ന് മദ്രസയുടെ ജനറല്‍ സെക്രട്ടറി മത്‌ലൂബ് കരീം പറഞ്ഞു. പത്ത് മിനിറ്റ് കൊണ്ട് മദ്രസയുടെ പ്രധാന ഹാളും മുറികളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തുവെന്ന് അദ്ദേഹം പറഞ്ഞു. ഭൂമി വഖഫ് ബോര്‍ഡിന്റേതാണെന്നും അനധികൃത നിര്‍മിതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബച്ചോംവാലി മസ്ജിദ് എന്നറിയപ്പെടുന്ന പള്ളയുടെ കീഴിലുള്ള മദ്രസയില്‍ 120 പാവപ്പെട്ട കുട്ടികളാണ് പഠിച്ചിരുന്നത്. ഭക്ഷണം കൂടി നല്‍കിയിരുന്നതിനാല്‍ അവരുടെ വീടും ഇതുതന്നെ ആയിരുന്നുവെന്നും ഇനി അവര്‍ എവിടെ പോകുമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ഹോസ്റ്റല്‍ തകര്‍ത്തിട്ടില്ലെന്നും വരാന്തയാണ് തകര്‍ത്തതെന്നും ലാന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍ അവകാശപ്പെട്ടു. കോടതിയുടെ പരിഗണനിയിലുള്ള കേസാണെന്നും കട്ടിലുകള്‍ വരെ നശിപ്പിച്ചുവെന്നും പള്ളിയുടെ ട്രഷറര്‍ ഇദ് രീസ് ഖാന്‍ പറഞ്ഞു.

 

Latest News