ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപ സമുച്ചയം ഉടൻ പ്രവർത്തനം ആരംഭിക്കും. കൊല്ലം ചടയമംഗലത്തെ ജടായു എർത്ത് സെന്ററിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം ജൂലൈ നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ടൂറിസം കേന്ദ്രമെന്ന കേരളത്തിന്റെ സ്വപ്‌നമാണ് യാഥാർത്ഥ്യമാകുന്നത്.
പൂർണമായി സ്വിറ്റ്‌സർലാന്റിൽ നിർമ്മിച്ച ആധുനിക കേബിൾ കാർ സംവിധാനവും അഡ്വഞ്ചർ പാർക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആയിരം അടി ഉയരത്തിൽ കേബിൾ കാറിൽ സഞ്ചരിക്കുന്നത് ടൂറിസ്റ്റുകൾക്ക് വിസ്മയകരമായ അനുഭവം പകരും. ഹെലികോപ്റ്റർ ലോക്കൽ ഫ്‌ളൈയിംഗ് സർവീസാണ് മറ്റൊരു ആകർഷണം. ഇതിന് സിവിൽ ഏവിയേഷൻ അനുമതി ലഭിച്ചിട്ടുണ്ട്.
രണ്ട് ഹെലികോപ്ടറുകൾക്കുള്ള ഹെലിപ്പാടും അനുബന്ധ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 65 ഏക്കർ വിസ്തൃതിയിലുള്ള ജടായു എർത്ത് സെന്റർ സംസ്ഥാനത്തെ ടൂറിസം രംഗത്തെ ആദ്യ ബി. ഒ. ടി സംരംഭമാണ്.
ലോകോത്തര നിലവാരത്തിലുള്ള സാഹസിക വിനോദങ്ങളും പാറക്കെട്ടുകളുടെ സ്വാഭാവികതയും ലോകമെങ്ങുമുള്ള സാഹസിക വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതാണ്. സാംസ്‌കാരിക ടൂറിസത്തിന് ഊന്നൽ നൽകുന്ന കലാവിരുന്നുകളും ജടായു ശിൽപത്തിന് സമീപം ഒരുക്കും. 65 ഏക്കർ സ്ഥലവും അടിസ്ഥാന സൗകര്യവും സർക്കാർ ഒരുക്കുമ്പോൾ 100 കോടി രൂപയാണ് സ്വകാര്യ സംരംഭകരുടെ മുതൽ മുടക്ക്. രാജീവ് അഞ്ചലിന് പുറമെ 150 ഓളം വിദേശ മലയാളികളാണ് പദ്ധതിയുടെ ഭാഗമാവുന്നത്.
കേബിൾ കാർ യാത്രയ്ക്ക് 250 രൂപയും പ്രവേശന ഫീസായി 150 രൂപയും ഉൾപ്പെടെ 400 രൂപയാണ് ഒരാൾക്ക് ഫീസ്. ഇത് നിശ്ചിത കാലയളവിലേക്കാണ്. അഡ്വഞ്ചർ പാർക്കിൽ നൂതന സാഹസിക വിനോദങ്ങളും ഭക്ഷണവും ഉൾപ്പെടെയുള്ള പാക്കേജിന് 2500 രൂപയാണ്. ജടായു ശിൽപത്തിനുള്ളിൽ മ്യൂസിയവും 6 ഡി തിയേറ്ററും നവംബറിൽ ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ സജ്ജമാവും. പാറക്കെട്ടുകൾക്കിടയിലെ ഗുഹാ സങ്കേതത്തിൽ ഒരുക്കുന്ന ആയുർവേദ സിദ്ധ ചികിത്‌സയും മൂന്നാം ഘട്ടത്തിൽ ആരംഭിക്കും.