തൃശൂർ - വേതന വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് തൃശൂരിലെ നഴ്സുമാർ നടത്തിയ അവകാശപ്പോരാട്ടം രണ്ടാം നാളിൽതന്നെ പൂർണ വിജയമായി.
ജില്ലയിലെ ആകെയുള്ള 30 സ്വകാര്യ ആശുപത്രികളിൽ 29 സ്ഥാപനങ്ങളും ഇന്നലെ തന്നെ സമരക്കാർക്ക് അനുകൂല തീരുമാനം അറിയിച്ചിരുന്നു. ഇതിൽ എട്ട് ആശുപത്രി മാനേജ്മെന്റുകൾ സമരം തുടങ്ങുന്നതിന് മണിക്കൂറുകൾ മുമ്പേ ആവശ്യം അംഗീകരിച്ചിരുന്നു. ഇടഞ്ഞുനിന്ന എലൈറ്റ് ആശുപത്രി കൂടി ഇന്ന് ജീവനക്കാരുടെ ആവശ്യങ്ങളോട് യോജിച്ചതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ നഴ്സുമാരുടെ സംഘടനയായ യു.എൻ.എയുടെ നേതൃത്വത്തിൽ തൃശൂരിൽ ആഹ്ളാദ പ്രകടനം നടത്തി.
പ്രതിദിന വേതനം 1500 രൂപയായി വർധിപ്പിക്കുക, 50% ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യു.എൻ.എ 72 മണിക്കൂർ സമരം പ്രഖ്യാപിച്ചത്. തീർത്തും ന്യായമായ ആവശ്യത്തോട് പൊതുസമൂഹവും വലിയ തോതിലുള്ള ഐക്യദാർഢ്യമാണ് പ്രകടിപ്പിച്ചത്.
ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന ഹർജി തള്ളി
കൊച്ചി - ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് മന്ത്രി ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി നൽകിയ ഹർജി ഹൈക്കോടതി തള്ളി. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധം 'പ്രഫസർ' എന്ന പദം പേരിന് മുമ്പ് ബോധപൂർവം ഉപയോഗിച്ചാണ് ബിന്ദു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർത്ഥി കേരള കോൺഗ്രസിലെ തോമസ് ഉണ്ണിയാടനാണ് ഹരജി നൽകിയത്.
ഹർജിയിൽ മതിയായ വസ്തുതകൾ ഇല്ലെന്ന് ജസ്റ്റിസ് സോഫി തോമസ് ചൂണ്ടിക്കാട്ടി. പ്രൊഫസർ അല്ലാതിരിന്നിട്ടും പ്രൊഫസർ എന്ന പേരിൽ വോട്ട് ചോദിച്ചു ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടിയെന്നാണ് ഹർജിയിൽ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ആർ ബിന്ദുവിന്റെ തടസ്സവാദം കോടതി അംഗീകരിച്ചു.
കോഴിക്കോട് താമരശ്ശേരിയിൽ വനിതാ ലീഗ് നേതാവ് കിണറ്റിൽ വീണ് മരിച്ചു
കോഴിക്കോട് - താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും വനിതാ ലീഗ് നേതാവുമായ ഹാജറ കൊല്ലരുകണ്ടി (50) വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. പരപ്പൻപൊയിലിലെ വീട്ടിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ്: പരേതനായ കൊല്ലരുകണ്ടി അസൈനാർ.
പ്രദേശത്തെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ നിറഞ്ഞുനിന്ന പൊതുപ്രവർത്തകയായിരുന്നു. മരണത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.