ബംഗളൂരു- കർണാടകയിൽ ഹിന്ദുത്വ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ അധിക്ഷേപിച്ച് ശ്രീറാം സേന തലവൻ പ്രമോദ് മുത്തലിഖ്. കർണാടകയിലെ ചില പട്ടികൾ ചത്താൽ പ്രധാനമന്ത്രി മോഡി എന്തിനാണ് പ്രതികരിക്കുന്നതെന്നായിരുന്നു പ്രമോദ് മുത്തലിഖിന്റെ ചോദ്യം. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രധാനമന്ത്രി എന്താണ് മൗനം പാലിക്കുന്നതെന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് പ്രമോദ് മുത്തലിഖ് ഇത്തരത്തിൽ പ്രതികരിച്ചത്. ബംഗളൂരുവിൽ പൊതുസമ്മേളനത്തിലായിരുന്നു ഈ പരാമർശം.
കർണാടകയിൽ രണ്ടും മഹാരാഷ്ട്രയിൽ രണ്ടും ആളുകൾ കൊല്ലപ്പെട്ടത് കോൺഗ്രസ് അധികാരത്തിൽ ഇരിക്കുമ്പോഴായിരുന്നു. കോൺഗ്രസിന്റെ ഭരണപരാജയത്തെപ്പറ്റി ആ സമയത്ത് ഒരാളും പറഞ്ഞില്ല. എന്നാൽ മോഡിയുടെ മൗനത്തെ പറ്റിയാണ് അവർ പറയുന്നത്. എന്തിനാണ് കർണാടകയിൽ ചില പട്ടികൾ ചത്താൽ മോഡി പ്രതികരിക്കുന്നത് എന്നായിരുന്നു പ്രസംഗമെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
ഗൗരി ലങ്കേഷിന്റെ മരണവുമായി ബന്ധപ്പെട്ട് പരശുറാം വാഗ്മറെ എന്നയാൾ പിടിയിലായി ആറാമത്തെ ദിവസമാണ് പ്രമോദ് മുത്തലിഖിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ഇയാൾ പ്രമോദ് മുത്തലിഖുമായി ബന്ധമുള്ളയാളാണ് എന്നതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു. തനിക്ക് പരശുറാമിനെ അറിയാമെന്ന് പ്രമോദ് മുത്തലിഖും സമ്മതിച്ചു. എന്നാൽ ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രീ റാം സേനക്ക് ഒരു ബന്ധവുമില്ലെന്ന നിലപാടിലാണ് പ്രമോദ് മുത്തലിഖ്.
അതിനിടെ, ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രീറാം സേന നേതാവ് രാകേഷ് മാത്തിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. വെള്ളിയാഴ്ച്ചയാണ് രാകേഷിനെ വിളിപ്പിച്ചത്. എന്നാൽ ഇതേവരെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇയാൾ തയ്യാറായിട്ടില്ല. കഴിഞ്ഞവർഷം സെപ്തംബർ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബംഗളൂരുവിലെ വസതിയിൽ കൊല്ലപ്പെട്ടത്.