ഹൈദരാബാദ്- സംസ്ഥാനത്ത് ബി.ജെ.പിയും സഖ്യകക്ഷി ഏക്‌നാഥ് ഷിന്ദേയുടെ ശിവസേന വിഭാഗവും കലാപത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന ആരോപണവുമായി മഹാരാഷ്ട്ര മുന്‍ മന്ത്രിയും ഉദ്ദവ് താക്കറേയുടെ മകനുമായ ആദിത്യ താക്കറെ. ഹിന്ദുത്വ വ്യക്തമായി നിര്‍വചിക്കപ്പെട്ട ആശയമാണെന്നും ബി.ജെ.പിയുടെ ഹിന്ദുത്വത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ ഗിതം യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞങ്ങളുടെ ഹിന്ദുത്വ എന്നത് വ്യക്തമായി നിര്‍വചിക്കപ്പെട്ടതാണ്. മറ്റുള്ളവരുടെ ഭക്ഷണത്തിന്റെ പേരില്‍ ഞങ്ങള്‍ ആരെയും തീക്കൊളുത്താറില്ല. അതാണ് ബി.ജെ.പിയുടെ ഹിന്ദുത്വയെങ്കില്‍ അത് എനിക്കോ എന്റെ പിതാവിനോ മുത്തച്ഛനോ ഞങ്ങളുടെ ആളുകള്‍ക്കോ മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കോ സ്വീകാര്യമല്ല,' ആദിത്യ താക്കറെ പറഞ്ഞു.
കേന്ദ്രം കാരണമാണ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ അത് തെറ്റാണ്. സുപ്രീംകോടതിയാണ് ക്ഷേത്രം നിര്‍മിക്കാനുള്ള നിര്‍ദേശം നല്‍കിയത്, കേന്ദ്രമല്ല. 2014-ല്‍ ബി.ജെ.പി. തങ്ങളെ പിന്നില്‍നിന്ന് കുത്തി. അന്നും ഇന്നും ഞങ്ങള്‍ ഹിന്ദുക്കളാണ്. ലോകത്തെ ഏറ്റവും വലിയ ഹിന്ദുത്വ പാര്‍ട്ടി എന്തുകൊണ്ടാണ് കശ്മീരി പണ്ഡിറ്റുകളെക്കുറിച്ച് സംസാരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.ഏക്‌നാഥ് ഷിന്ദേയോ ബി.ജെ.പിയോ, ആരാണ് ഏറ്റവും വലിയ ഭീഷണിയെന്ന ചോദ്യത്തിന്, ഷിന്ദേ ഒരു ഭീഷണിയല്ലെന്ന് ആദിത്യ താക്കറെ പറഞ്ഞു. തങ്ങള്‍ക്ക് ബി.ജെ.പിയുമായി വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.