കൊച്ചി - സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സ്വപ്ന സുരേഷിന് ജോലി നല്‍കിയ എച്ച്. ആര്‍.ഡി.എസ് എന്ന സംഘടനയുടെ ഭാരവാഹിയായ കോട്ടയം പാല സ്വദേശി അജി കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തള്ളിയത്. ഹര്‍ജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി ശരിവെച്ചു. അന്വേഷണം ശരിയായ രീതിയിലല്ല എന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് കാണിക്കാന്‍ തെളിവുകളൊന്നും ഹര്‍ജിക്കാരന്‍ ഹാജരാക്കിയില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത്, കറന്‍സി കടത്ത് കേസുകളില്‍ മുഖ്യമന്ത്രിയടക്കം ഉന്നതര്‍ക്കുള്ള പങ്ക് അന്വേഷിക്കാന്‍ ഇ.ഡിക്കും കസ്റ്റംസിനും നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് കേസുകളില്‍ പങ്കുണ്ടെന്ന് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും വ്യക്തമാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡറക്ടറേറ്റിന്റെയും കസ്റ്റംസിന്റെയും അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.