Sorry, you need to enable JavaScript to visit this website.

എലിയെ കൊന്നതിന് പ്രതിക്കെതിരെ 30 പേജുള്ള കുറ്റപത്രവുമായി പോലീസ്

ലഖ്‌നൗ: എലിയുടെ വാലില്‍ കല്ല് കെട്ടി അഴുക്കുചാലില്‍ മുക്കിക്കൊന്ന കേസിലെ പ്രതിക്കെതിരെ 30 പേജുള്ള കുറ്റപത്രവുമായി ഉത്തര്‍ പ്രദേശ് പോലീസ്. മനോജ് കുമാര്‍ എന്നയാള്‍ക്കെതിരെ ബദൗന്‍ കോടതിയിലാണ് എലിയെ കൊന്നതിന് 30 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.  കഴിഞ്ഞ വര്‍ഷം നവംബര്‍ 25 ന് മനോജ് കുമാര്‍  എലിയെ വാലില്‍ കല്ല് കെട്ടി അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞതായി  വികേന്ദ്ര ശര്‍മ എന്നയാള്‍ തങ്ങളെ അറിയിക്കുകയും പരാതി നല്‍കുകയുമാണുണ്ടായതെന്ന്  പൊലീസ് പറഞ്ഞു. ചത്ത എലിയെയും ഇയാള്‍ ഹാജരാക്കിയിരുന്നു.മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് വികേന്ദ്ര ശര്‍മ. ബറേലിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ചാണ് പൊലീസ് എലിയുടെ പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ഫോറന്‍സിക് റിപ്പോര്‍ട്ട്, മാധ്യമങ്ങളിലെ വീഡിയോകള്‍, വിവിധ വകുപ്പുകളില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയതെന്ന് പോലീസ് പറയുന്നു. എലിക്ക് ശ്വാസകോശത്തിലും കരളിനും അണുബാധയുണ്ടെന്നും ശ്വാസംമുട്ടിയാണ് ചത്തതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കേസിലെ പ്രതിയായ മനോജ്  കുമാറിനെ പൊലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരം 10 രൂപ മുതല്‍ 2000 രൂപ വരെ പിഴയോ മൂന്നുവര്‍ഷം വരെ ജയില്‍ ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണിത്. 429ാം വകുപ്പ് പ്രകാരം അഞ്ചുവര്‍ഷം വരെ തടവും പിഴയും ലഭിച്ചേക്കാം. എലിയെ കൊന്ന കുറ്റം സംബന്ധിച്ച പൂര്‍ണ്ണ അന്വേഷണ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയാണ് 30 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. തന്റെ മകനെ ശിക്ഷിക്കുകയാണെങ്കില്‍  കോഴികളേയും ആടുകളേയും മീനുകളേയും കൊല്ലുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് മനോജ്കുമാറിന്റെ പ്താവ് മാധ്യമങ്ങളോട് പറഞ്ഞത്.

 

Latest News