ന്യൂദല്‍ഹി - വ്യോമസേനാ ഹെലിക്കോപ്റ്റര്‍ ഇന്ത്യന്‍ മിസൈലേറ്റ് തകര്‍ന്ന സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. കോര്‍ട്ട് മാര്‍ഷല്‍ ചെയ്തതിനു പിന്നാലെയാണ് നടപടിയെന്ന് വ്യോമസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ടുചെയ്തു. ശ്രീനഗറിലെ എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ചീഫ് ഓപറേഷന്‍ ഓഫീസറായ സുമന്‍ റോയ് ചൗധരിയെയാണ് പിരിച്ചുവിട്ടത്. അതേസമയം കോര്‍ട്ട് മാര്‍ഷല്‍ കണ്ടെത്തലുകളും ശിക്ഷാ വിധിയും വ്യോമസേനാ മേധാവി സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പുല്‍വാമ ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനിലെ ബാലാകോട്ട് ആക്രമണത്തിന് ഒരു ദിവസത്തിനു ശേഷം ഫെബ്രുവരി 27നാണ് എം.ഐ. 17 ഹെലിക്കോപ്റ്റര്‍ ഇന്ത്യയുടെത്തന്നെ മിസൈലേറ്റ് തകര്‍ന്നത്.
സംഭവത്തില്‍ ആറ് വ്യോമസേനാംഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ബാലാക്കോട്ട് വ്യോമാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാന്‍ തിരിച്ചടിക്ക് ശ്രമിച്ചതിനിടെയായിരുന്നു അപകടം. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ മിസൈലേറ്റാണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നത്.