Sorry, you need to enable JavaScript to visit this website.

ഉക്രൈന്‍ വിദേശമന്ത്രി മീനാക്ഷി ലേഖിയെ സന്ദര്‍ശിച്ചു, ഇന്ത്യക്ക് പ്രശംസ

ന്യൂദല്‍ഹി- ഇന്ത്യയിലെത്തിയ ഉക്രൈന്‍ ഉപ വിദേശകാര്യമന്ത്രി എമിന്‍ ധപറോവ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയെ സന്ദര്‍ശിച്ചു. യാതൊരു പ്രകോപനമില്ലാതെയുള്ള റഷ്യന്‍ ആക്രമണത്തെ ചെറുക്കാനുള്ള ഉക്രൈന്റെ ശ്രമങ്ങളെക്കുറിച്ച് മന്ത്രിയോടു വിശദീകരിച്ചതായി ധപറോവ ട്വീറ്റ് ചെയ്തു. വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം  ആഴത്തിലാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും അവര്‍ വ്യക്തമാക്കി.
യുദ്ധം തുടങ്ങിയശേഷം ഉക്രൈനില്‍നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ ഉന്നതതല സന്ദര്‍ശനമാണിത്. റഷ്യയും ചൈനയും തമ്മില്‍ കൂടുതല്‍ അടുക്കുന്ന സമയത്ത് ഉക്രൈന്‍ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം നിര്‍ണായകമാണ്. തിങ്കളാഴ്ച എത്തിയ എമിന്‍ ധപറോവ, ഇന്ത്യയിലുള്ള യൂറോപ്യന്‍ യൂണിയന്റെ പ്രതിനിധികളുമായും യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ മിഷന്‍ മേധാവികളുമായും കൂടിക്കാഴ്ച നടത്തുകയും ഉക്രൈനെ പിന്തുണച്ചതിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ആഗോള ദക്ഷിണ രാജ്യങ്ങളുടെ പിന്തുണ ഉക്രൈനു സുപ്രധാനമാണെന്ന് അവര്‍ ട്വീറ്റ് ചെയ്തു. അടുത്ത മാസം ദല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഫ്യൂച്ചര്‍ പെര്‍ഫെക്റ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചതിന് ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്റെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് കള്‍ച്ചറിനോട് അവര്‍ നന്ദി അറിയിച്ചു.
റഷ്യന്‍ ആക്രമണം രാജ്യാന്തര നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ട്വീറ്റില്‍ പറഞ്ഞു. റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഉക്രൈനെ പിന്തുണക്കുകയും റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

 

Latest News