ന്യൂദല്‍ഹി- ഉഭയകക്ഷി ബന്ധം ഉലഞ്ഞിരിക്കുകയാണെങ്കിലും മാനുഷിക പരിഗണനയുടെ കാര്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും യോജിപ്പില്‍. ഇന്ത്യയില്‍ ജയിലില്‍ കഴിയുന്ന അഞ്ച് പാക് തടവുകാരെ കൂടി ചൊവ്വാഴ്ച മോചിപ്പിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. തടവു കാലാവധി പൂര്‍ത്തിയാക്കിയ 54 തടവുകാരുടെ മോചനമാണ് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു വരുന്നത്. സ്ത്രീകളും 70 വയസ്സ് പിന്നിട്ടവരുമായ തടവുകാരുടെ മോചനം വേഗത്തിലാക്കാന്‍ മാര്‍ച്ചില്‍ ഇരുരാജ്യങ്ങളും പരസ്പരം ധാരണയിലെത്തിയിരുന്നു. ഇന്ത്യക്കാരായ മത്സത്തൊഴിലാളികളെ ഈയിടെ മോചിപ്പിച്ച പാക്കിസ്ഥാന്‍ ഇന്ത്യയും അനുകൂല നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതികരിച്ചിരുന്നു.
തടവുകാരെ മോചിപ്പിക്കാന്‍ ഇരു രാജ്യങ്ങളും പരസ്പരം ധാരണയിലെത്തിയ ശേഷം 250 സാധാരണക്കാരും 94 മത്സത്തൊഴിലാളികളും അടങ്ങുന്ന തടവുകാരുടെ പട്ടിക ഇന്ത്യ ജനുവരിയില്‍ പാക്കിസ്ഥാനു കൈമാറിയിരുന്നു. ഇതിനു മറുപടിയായ 58 സാധാരണക്കാരും 399 മത്സ്യത്തൊഴിലാളികളും അടങ്ങുന്ന തടവുകാരുടെ പട്ടിക പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കും കൈമാറിയിട്ടുണ്ട്.