ന്യൂദല്‍ഹി- ദല്‍ഹിയില്‍ വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍. ദല്‍ഹി ഗോകുല്‍പുരി സ്വദേശികളായ രാധേശ്യാം വര്‍മ (72), ഭാര്യ വീണ (68) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇവരുടെ മകന്റെ ഭാര്യ മോണിക്കയാണ് അറസ്റ്റിലായത്. മോണിക്കയുടെ ആണ്‍സുഹൃത്തും മറ്റൊരാളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ദല്‍ഹി പോലീസ് അറിയിച്ചു.
സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലായി വിരമിച്ച രാധേശ്യാം വര്‍മയും ഭാര്യ വീണയും മകന്‍ രവിയും മരുമകള്‍ മോണിക്കയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. വീടിന്റെ താഴത്തെ നിലയിലാണ് ദമ്പതികളുടെ മുറി. മുകളിലത്തെ നിലയിലാണ് രവിയും മോണിക്കയും കിടന്നിരുന്നത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് അവസാനമായി മാതാപിതാക്കളെ കണ്ടതെന്ന് രവി പോലീസിന് മൊഴി നല്‍കിയിരുന്നു.
വീട്ടുകാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോണിക്കയാണ് കൊലപാതകത്തിനു പിന്നിലെന്ന് മനസ്സിലായത്. ഞായറാഴ്ച രാത്രി ഏഴോടെയാണ് മോണിക്കയുടെ സുഹൃത്തും മറ്റൊരാളും ഇവരുടെ വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. മോണിക്ക ഇവരെ ടെറസില്‍ ഒളിപ്പിക്കുകയായിരുന്നു. രാധേശ്യാമും വീണയും കിടപ്പമുറിയിലേക്ക് ഉറങ്ങാന്‍ പോകുന്നതുവരെ ഇവര്‍ ടെറസില്‍ ഒളിച്ചിരുന്നു.
എല്ലാവരും ഉറങ്ങിയ ശേഷം ഇവര്‍ താഴത്തെ മുറിയിലെത്തി ദമ്പതികളെ കഴുത്തറത്ത് കൊലപ്പെടുത്തി. മുറിയില്‍നിന്ന് പണവും ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. കുറച്ചു ദിവസം മുമ്പ് ഇവരുടെ ഒരു വീട് മറ്റൊരാള്‍ക്ക് വിറ്റിരുന്നു. അതിന്റെ ഭാഗമായി ലഭിച്ച നാലു ലക്ഷം രൂപ നഷ്ടപ്പെട്ടതായും പോലീസ് അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)