ഹൈദരാബാദ്-ഇന്ത്യയിലെ മുസ്ലിംകളുടെ അവസ്ഥയെ അയല്‍രാജ്യമായ പാകിസ്ഥാനിലെ മുസ്ലിംകളുമായി താരതമ്യം ചെയ്ത കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ രൂക്ഷമായി വിമര്‍ശിച്ച് എഐഎംഐഎം നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഒവൈസി.
ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് ക്ഷേമമുണ്ടെങ്കില്‍ അത് സംഘ്പരിവാറിന്റെ ഭരണഘടനാ വിരുദ്ധ ആദര്‍ശങ്ങള്‍ക്കെതിരെ പൊരുതിക്കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
എത്ര കാലത്തേക്ക് ഇന്ത്യയിലെ മുസ്ലിംകളെ പാകിസ്ഥാനുമായി ബന്ധിപ്പിക്കുമെന്ന് ഉവൈസി ചോദിച്ചു. ഞങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണ്. പാകിസ്ഥാനെതിരെ ഉപയോഗിക്കാവുന്ന ബന്ദികളോ ചിഹ്നമോ അല്ല. മാന്യതയോടും നീതിയോടും കൂടിയുള്ള പെരുമാറ്റമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
ഒരു വിഭാഗം ഹിന്ദുക്കള്‍ മെച്ചപ്പെട്ട ജീവിതനിലവാരം ആവശ്യപ്പെടുകയാണെങ്കില്‍, സോമാലിയയിലെ ഭൂരിഭാഗം ആളുകളെ ചൂണ്ടിക്കാട്ടി നിങ്ങള്‍ അവരോട് മിണ്ടാതിരിക്കാന്‍ പറയുമോയെന്ന് അദ്ദേഹം ചോദിച്ചു.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യയെന്നും ന്യൂനപക്ഷങ്ങള്‍ വളരുക മാത്രമല്ല അവര്‍ രാജ്യത്ത് ബിസിനസ്സ് നടത്തി രാജ്യപുരോഗതിക്കായി യത്‌നിക്കുന്നുണ്ടെന്നും മന്ത്രി സീതാരാമന്റെ പരാമര്‍ശത്തെ കുറിച്ച് ഉവൈസി പറഞ്ഞു. ഒരു സര്‍ക്കാരിന്റെ ദയാദാക്ഷിണ്യമോ ദ്രോഹമോ കൊണ്ടല്ല മറ്റു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ജനസംഖ്യ വര്‍ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ കുറഞ്ഞതായി സെന്‍സസ് കാണിച്ചാല്‍ അത് സര്‍ക്കാര്‍ കാരണമാണെന്ന് സമ്മതിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
ലോക്‌സഭയില്‍ ബിജെപിക്ക് ഒരു മുസ്ലിം എംപി പോലും ഇല്ലെന്ന് ഉവൈസി ചൂണ്ടിക്കാട്ടി. എന്നാല്‍ ബിജെപി അത് ഒരു ബഹുമതിയായാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളും മുസ്‌ലിംകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കായുള്ള ആഹ്വാനങ്ങളും നടന്ന ധരം സന്‍സദുകളെ കേന്ദ്രം അവഗണിച്ചുവെന്നും ഉവൈസി കുറ്റപ്പെടുത്തി.
ഭരണകക്ഷി എം.പിമാര്‍ മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കാനും അവര്‍ക്കെതിരെ ആയുധങ്ങള്‍ സൂക്ഷിക്കാനും ആളുകളോട് ആവശ്യപ്പെടുന്നു. മഹാരാഷ്ട്രയില്‍ മാത്രം 50 മുസ്ലിം വിരുദ്ധ വിദ്വേഷ റാലികള്‍ നടന്നു. മുസ്ലിംകള്‍ ആള്‍ക്കൂട്ടക്കൊലകളും അക്രമങ്ങളും നേരിടുമ്പോള്‍ ഭരണകൂടം തിരിഞ്ഞുനോക്കുന്നില്ല. മുസ്‌ലിംകള്‍ക്ക് സര്‍ക്കാരില്‍നിന്ന് ബുള്‍ഡോസറുകളും വ്യാജ കേസുകളാണ് നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.എസ് പര്യടനത്തിനിടെയാണ് പാകിസ്ഥാനിലെ മുസ്ലിംകളെ അപേക്ഷിച്ച് ഇന്ത്യന്‍ മുസ്ലിംകള്‍ മെച്ചപ്പെട്ട നിലയിലാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)