Sorry, you need to enable JavaScript to visit this website.

കാസർക്കോട്ട് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കാസർഗോഡ് - കാസർക്കോട്ടെ അഡൂർ പയസ്വിനി പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. ദേവരടുക്കത്തെ ഷാഫിയുടെ മകൻ മുഹമ്മദ് ആസിഫ്(7), ഹസൈനാറിന്റെ മകൻ മുഹമ്മദ് ഫാസിൽ(9) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ അഡൂർ ദേവരഡുക്കയിലാണ് സംഭവം. 
 കുട്ടികളെ കാണാത്തതിനെ തുടർന്ന് വീട്ടുകാരും ബന്ധുക്കളും പ്രദേശവാസികളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരെയും പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

 

എസ്.എൻ കോളജ് ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശന് തിരിച്ചടി
കൊച്ചി -
കൊല്ലം എസ്.എൻ കോളജ് ഫണ്ട് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. കേസിലെ ആദ്യ കുറ്റപത്രത്തിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടു. കേസ് തുടരേണ്ടതില്ലെന്ന റിപ്പോർട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. കേസിൽ എത്രയും വേഗം വിചാരണ പൂർത്തിയാക്കണമെന്നും കൊല്ലം സി.ജെ.എം കോടതിയോട് ഹൈക്കോടതി നിർദേശിച്ചു.
  എസ്.എൻ കോളേജ് കനക ജൂബിലി ആഘോഷങ്ങൾക്കായി പിരിച്ച തുകയിൽനിന്ന് 55 ലക്ഷം രൂപ വെള്ളാപ്പള്ളി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്. വെള്ളാപ്പള്ളിക്കെതിരെ തെളിവില്ലെന്നായിരുന്നു ആദ്യം പോലീസ് കണ്ടെത്തിയത്. എന്നാൽ ഹൈക്കോടതി നിർദേശപ്രകാരം എസ്.പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം അന്വേഷണം നടത്തുകയും കേസിൽ കുറ്റപത്രം സമർപ്പിക്കുകയുമുണ്ടായി. വഞ്ചന, സാമ്പത്തിക ക്രമക്കേട് എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ കുറ്റപത്രം. എന്നാൽ കേസിൽ പിന്നീട് തുടരന്വേഷണത്തിന് സി.ജെ.എം കോടതി ഉത്തരവിട്ടു. ഈ തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് വെള്ളാപ്പള്ളിക്ക് അനുകൂലമായിരുന്നു. എന്നാൽ, വെള്ളാപ്പള്ളിക്കെതിരായ ആദ്യ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ വിചാരണ തുടങ്ങാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. തുടരന്വേഷണം ഹൈക്കോടതി റദ്ദാക്കിയിട്ടുമുണ്ട്. 
 കേസിൽ തുടരന്വേഷണം നടക്കുന്നതോടെ എസ്.എൻ ട്രസ്റ്റുമായി ബന്ധപ്പെട്ട മുഴുവൻ പദവികളിൽ നിന്നും വെള്ളപ്പാള്ളി മാറിനിൽക്കേണ്ട സാഹചര്യമാണുണ്ടാവുക. എസ്.എൻ ട്രസ്റ്റ് അംഗങ്ങൾ ഏതെങ്കിലും കേസിൽ പ്രതിയായാൽ മാറിനിൽക്കണമെന്ന് ട്രസ്റ്റ് കുറച്ച് മുമ്പ് ബൈലോ ഭേദഗതി വരുത്തിയിരുന്നു.
 

Latest News