Sorry, you need to enable JavaScript to visit this website.

VIDEO ആരിഫിനെ വീണ്ടും കണ്ട സാരസ് കൊക്കിന്റെ ആഹ്ലാദം

കാണ്‍പൂര്‍-വനപാലകര്‍ വേര്‍പെടുത്തിയ ആരിഫിനെ കണ്ടപ്പോള്‍ സാരസ് കൊക്ക് പ്രകടിപ്പിച്ച ആഹ്ലാദം കൗതുകമായി. ഉത്തര്‍പ്രദേശില്‍ സാരസ് കൊക്കും യുവാവും തമ്മിലുള്ള അപൂര്‍വ സൗഹൃദം വാര്‍ത്തയായിരുന്നു.
ഒരു വര്‍ഷത്തോളം നീണ്ട ആ സൗഹൃദം തകര്‍ത്ത് വനപാലകര്‍ പിടിച്ചുകൊണ്ടുപോയ സാരസ് കൊക്കിനെ കാണാനാണ് മുഹമ്മദ് ആരിഫ് കാണ്‍പൂര്‍  മൃഗശാലയിലെത്തിയത്. ആരിഫിനെ ദൂരെനിന്നതന്നെ തിരിച്ചറിഞ്ഞ കൊക്ക് പ്രകടിപ്പിക്കുന്ന ആഹ്ലാദമാണ് വീഡിയോയില്‍.
കാലിന് പരിക്കേറ്റ നിലയില്‍ കണ്ടെത്തി മുറിവുണക്കി ഒരു വര്‍ഷത്തോളം പരിപാലിച്ച ആരിഫിന്റെ വിട്ടുപിരിയാത്ത സുഹൃത്തായി മാറുകയായിരുന്നു ആ പക്ഷി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇരുവരും തമ്മിലുള്ള ബന്ധം ഉടലെടുക്കുന്നത്. കാലിന് പരിക്കേറ്റ നിലയിലാണ് സാരസ് കൊക്കിനെ 30 കാരനായ  ആരിഫ് കണ്ടെത്തുന്നത്.  വേദനയില്‍ പുളഞ്ഞ പക്ഷിയെ ആരിഫ് ഒപ്പം കൂട്ടി ശുശ്രൂഷിച്ചു. വീടിന് പുറത്തു കെട്ടിയ ഷെഡ് രൂപത്തിലുള്ള ഔട്ട്ഹൗസിലാണ് ആരിഫ് പക്ഷിയെ പാര്‍പ്പിച്ചത്. ഏതാനും ദിവസങ്ങളെടുത്തു കാലിന് പറ്റിയ പരിക്ക് മാറാന്‍. ആരോഗ്യം വീണ്ടെടുത്ത സാരസ് കൊക്കിനെ ആരിഫ് തിരികെ വിട്ടു.
മനുഷ്യരോട് പൊതുവേ ഇണങ്ങാത്ത പ്രകൃതമാണ് സാരസ് കൊക്കുകള്‍ക്ക്. അതുകൊണ്ട് പക്ഷി തിരികെ വരില്ലെന്നാണ് ആരിഫ് കരുതിയത്. എന്നാല്‍ എല്ലാവരേയും അത്ഭുതപ്പെടുത്തി സാരസ് കൊക്ക് തിരികെ വന്നു. അന്നുമുതല്‍ തുടങ്ങിയ സൗഹൃദമാണ് ആരിഫും പക്ഷിയും തമ്മില്‍. എവിടെ പോയാലും ഒപ്പം കൂടും. പകല്‍ മുഴുവന്‍ മറ്റെവിടെയെങ്കിലും പോയാലും നേരമിരുട്ടിയാല്‍ പക്ഷി ആരിഫിന്റെ വീട്ടിലെത്തും. ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്ന ആരിഫിനൊപ്പമാണ് രാത്രി ഭക്ഷണവും. ഹാര്‍വസ്റ്റിങ് ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ആരിഫ് സ്‌കൂട്ടറില്‍ പോകുമ്പോള്‍ പിന്നാലെ പറക്കുന്ന സാരസ് കൊക്ക് ഇന്ന് ഗ്രാമീണര്‍ക്ക് പതിവ് കാഴ്ചയായിരുന്നു.
ആരിഫും പക്ഷിയും തമ്മിലുള്ള സൗഹൃദം ഗ്രാമവാസികള്‍ക്കും കൗതുകമായിരുന്നു. പക്ഷേ ആരിഫിന്റെ കുടുംബത്തിലെ അംഗമായി മാറിയ കൊക്കിനെ കുറിച്ചുള്ള വിവരമറിഞ്ഞ ഉത്തര്‍പ്രദേശ് വനവകുപ്പ് വന്യജീവി സങ്കേതത്തിലേക്ക് മാറ്റുകയായിരുന്നു.
നീണ്ട കഴുത്തുകളോടും, കാലുകളോടും കൂടിയ ഒരിനം ക്രൗഞ്ചപക്ഷിയാണ് സാരസ്‌കൊക്ക്. വന്യജീവി സംരക്ഷണ നിയമത്തിന് കീഴില്‍ വരുന്ന ഇവ സംരക്ഷിത വിഭാഗമായിട്ടാണ് കരുതപ്പെടുന്നത്. മനുഷ്യരുടെ സാന്നിധ്യം ചിലപ്പോഴൊക്കെ ഇവയെ അലോസരപ്പെടുത്തിയേക്കാമെന്ന് വന്യജീവി വിദ്ഗധര്‍ പറയുന്നു.

 

Latest News