വാറങ്കല്‍- ഒരു ഭാഗത്ത് ക്രിസ്ത്യാനികളെ തങ്ങളിലേക്കടുപ്പിക്കാന്‍ പെടാപാടു പെടുന്ന ബി. ജെ. പി. മറുഭാഗത്ത് തങ്ങളുടെ ശരിയായ സ്വഭാവം പുറത്തുകാണിച്ച് വി. എച്ച്. പിയും ബജ്‌റംഗ്ദളും.
ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ ക്രിസ്ത്യാനികള്‍ പ്രാര്‍ഥന നടത്തുന്നെന്നും അത് അനുവദിക്കാനാവില്ലെന്നും പറഞ്ഞാണ് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ് ദളും വാറങ്കലില്‍ രംഗത്തെത്തിയിരിക്കുന്നത്. ഫോര്‍ട്ട് വാറങ്കലില്‍ കാകതീയ രാജവംശം നിര്‍മ്മിച്ച ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ ക്രിസ്ത്യാനികള്‍ പ്രാര്‍ഥന നടത്തുന്നതിലാണ് പ്രതിഷേധം രൂക്ഷമായിരിക്കുന്നത്. 'ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന' പരിപാടിയാണ് ക്രിസ്ത്യാനികളുടേതെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഇക്കാര്യമുന്നയിച്ച് മില്‍സ് കോളനി പോലീസ് സ്റ്റേഷനില്‍ ഡി. സി. പി. ശ്രീകാന്ത് റാവുവിനും എ. സി. പി. റമല സുനിതയ്ക്കും പരാതി നല്‍കുകയും ചെയ്തു. ഗുണ്ടുചെരുവിനടുത്തുള്ള രാമാലയത്തിനും സ്വയംഭു രാമലിംഗേശ്വര സ്വാമി ക്ഷേത്രത്തിനും മുന്നില്‍ കൂട്ടപ്രാര്‍ഥനകള്‍ നടക്കുന്നുണ്ടെന്നും അതില്‍ ഹിന്ദുക്കള്‍ക്ക് ആശങ്കയുണ്ടെന്നും അവര്‍ ആരോപിച്ചു.
നടപടി സ്വീകരിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടാല്‍ വി. എച്ച്. പിയും മറ്റ് ഹിന്ദു സംഘടനകളും സമരം തുടങ്ങുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.