ലഖ്‌നൗ-വിവാഹവേദിയില്‍ തോക്ക് ഉപയോഗിച്ച് നാല് തവണ വെടിയുതിര്‍ത്ത് വധു. യുവതിയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. വിവാഹച്ചടങ്ങിനിടെ വധു വെടിയുതിര്‍ക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായാതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ഉത്തര്‍പ്രദേശിലാണ് സംഭവം.
വെള്ളിയാഴ്ച രാത്രി ഹത്രാസ് ജംഗ്ഷന്‍ ഏരിയയിലെ സേലംപൂര്‍ ഗ്രാമത്തിലെ ഗസ്റ്റ് ഹൗസില്‍ വച്ചാണ് വിവാഹ ചടങ്ങ് നടന്നത്. ഒരാള്‍ യുവതിയുടെ കൈയില്‍ തോക്ക് കൊടുക്കുന്നു. തുടര്‍ന്ന് വധു മുകളിലേയ്ക്ക് നാല് തവണ വെടിവയ്ച്ച ശേഷം തോക്ക് തിരികെ നല്‍കുന്നതാണ് വീഡിയോയില്‍ ഉള്ളത്. തുടര്‍നടപടികള്‍ക്കായി പോലീസ് വീഡിയോ പരിശോധിച്ചുവരികയാണ്. ദമ്പതികള്‍ മാലയിടുന്ന ചടങ്ങിന് തൊട്ടുപിന്നാലെയാണ് വെടിവെപ്പ് നടന്നത്. വധുവിന്റെ കുടുംബത്തില്‍ നിന്നുള്ള കറുത്ത ഷര്‍ട്ട് ധരിച്ച ഒരാള്‍ സ്റ്റേജില്‍ കയറിയാണ് വധുവിന് തോക്ക് കൈമാറിയത്. പുറത്തുവന്ന വീഡിയോയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉടന്‍ വധുവിന്റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുമെന്നും ഹത്രാസ് അഡീഷണല്‍ പോലീസ് സൂപ്രണ്ട് അശോക് കുമാര്‍ പറഞ്ഞു. തോക്ക് കൈവശം വച്ച ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമപ്രകാരം വിവാഹം, മതപരമായ ആഘോഷങ്ങള്‍, മറ്റ് ചടങ്ങുകള്‍ എന്നിവിടങ്ങളില്‍ ലൈസന്‍സുള്ള തോക്കുപയോഗിച്ച് പോലും വെടിവയ്ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. രണ്ട് വര്‍ഷം തടവോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. ആര്‍ക്കും പരിക്കില്ലെങ്കിലും കേസെടുക്കാം.