Sorry, you need to enable JavaScript to visit this website.

നെഹ്‌റുവിന്റെ ആദര്‍ശ രാഷ്ട്രീയം എവിടെ? കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ഉവൈസി

ഹൈദരാബാദ്- നെഹ്‌റുവിന്റെ ആദര്‍ശ രാഷ്ട്രീയം വിസ്മരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി പ്രത്യയശാസ്ത്രത്തില്‍ വിട്ടുവീഴ്ച ചെയ്‌തെന്നും ഹിന്ദുത്വയുടെ ഏറ്റവും വലിയ നേതാവ് ആരെന്ന മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കയാണെന്നും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി ആരോപിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നെഹ്‌റുവിന്റെ ആദര്‍ശ രാഷ്ട്രീയം എവിടെയാണുള്ളത്. സംയോജിത സംസ്‌കാരവും വൈവിധ്യവുമെല്ലാം ഭൂതകാലമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതല്ല സ്വാതന്ത്ര്യ സമര സേനാനികള്‍ സ്വപ്‌നം കണ്ടത്.
കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലാണ് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ധരം സന്‍സദ് നടന്നതെന്നും അവിടെ ഒരു നേതാവ് മുസ്‌ലിംകള്‍ക്കെതിരെ വെല്ലുവിളി നടത്തിയെന്നും  ഉവൈസി ചൂണ്ടിക്കാട്ടി.
ബിഹാറിലെ അക്രമങ്ങള്‍ തടയുന്നതില്‍  നിതീഷ് കുമാറിന്റെയും ആര്‍ജെഡിയുടെയും കൂട്ടുകക്ഷി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഉവൈസി കുറ്റപ്പെടുത്തി. കലാപം
മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പറയുമ്പോള്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ എന്നാണ് ബിഹാര്‍ പോലീസിനോട് ചോദിക്കാനുള്ളത്. അക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന ബീഹാര്‍ പോലീസിന്റെ റിപ്പോര്‍ട്ടിനെ കുറിച്ചായിരുന്നു പ്രതികരണം. മദ്രസ കത്തിച്ചപ്പോള്‍ പോലീസ് നിശബ്ദ കാഴ്ച്ചക്കാരായി നിന്നെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും ബിഹാര്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ചും നടപടിയെടുക്കാത്ത പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുന്നതിനെക്കുറിച്ചും സംസാരിക്കുന്നില്ല. ഇത് ചെയ്യുന്നതിന് പകരം ഇഫ്താര്‍ പാര്‍ട്ടികള്‍ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.  .
ബിജെപിയെ പിന്തുണയ്ക്കുന്ന സംഘടനകളെ നിയന്ത്രിക്കാതെ മുസ്ലിംകള്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിക്കില്ലെന്ന് ഉവൈസി പറഞ്ഞു.
മുസ്ലീങ്ങള്‍ക്കെതിരെ മന്ത്രിമാര്‍ സംസാരിച്ച 50 വിദ്വേഷ റാലികള്‍ മഹാരാഷ്ട്രയില്‍ നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജസ്ഥാനിലെ സ്വന്തം പാര്‍ട്ടി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ പ്രചാരണത്തെ കുറിച്ച് കോണ്‍ഗ്രസും ബിജെപിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ഉവൈസി പറഞ്ഞു.
'ഇരു പാര്‍ട്ടികളും അഴിമതിയെ പ്രോത്സാഹിപ്പിച്ചു. ഇപ്പോള്‍ ഒരു മുന്‍ ഉപമുഖ്യമന്ത്രി സ്വന്തം പാര്‍ട്ടി സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുകയാണ്. അഴിമതിയില്‍ അവര്‍ ഗൗരവമുള്ളവരല്ലെന്നാണ് ഇത കാണിക്കുന്നത്. രാജസ്ഥാനിലെ ജനങ്ങള്‍ക്ക് നല്ല ഭരണം നല്‍കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും ജനങ്ങള്‍ക്ക് മടുത്തുവെന്നും ഉവൈസി പറഞ്ഞു.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News