Sorry, you need to enable JavaScript to visit this website.

പൂർത്തിയാകാത്ത കുറെ വികസന സ്വപ്‌നങ്ങളുമായി മലപ്പുറം ജില്ല അമ്പതാം വയസ്സിലേക്ക്  

കരിപ്പൂർ വിമാനത്താവളം
മലപ്പുറം കോട്ടക്കുന്ന് ടൂറിസ്റ്റ് കേന്ദ്രം
മലപ്പുറം കോട്ടക്കുന്ന് ടൂറിസ്റ്റ് കേന്ദ്രം
തിരൂർ തുഞ്ചൻ മലയാള സർവ്വകലാശാല
മഞ്ചേരി മെഡിക്കൽ കോളേജ്‌
നിലമ്പൂർ തേക്ക് മ്യൂസിയം

വികസന പാതയിൽ പൂർത്തിയാകാത്ത കുറെ സ്വപ്‌നങ്ങളുമായി മലപ്പുറം ജില്ല അമ്പതാം വയസ്സിലേക്ക് കടക്കുന്നു. ഇനിയും പൂർത്തിയാകാത്ത പദ്ധതികൾക്ക് വേണ്ടിയുള്ള മുറവിളികളുമായാണ് ജില്ല ഗോൾഡൻ ജൂബിലിയിലേക്ക് കടക്കുന്നത്. ഇന്ന് മലപ്പുറത്തിന് 49 വയസ്സ് പൂർത്തിയാകുകയാണ്. അമ്പതാം വയസ്സിന്റെ നിറവിലേക്കാണ് നാളെ മലപ്പുറം കാലെടുത്തു വെക്കുന്നത്.
1969 ജൂൺ 16 നാണ് മലപ്പുറം ജില്ല നിലവിൽ വന്നത്. കോഴിക്കോട്,പാലക്കാട് ജില്ലകളുടെ ചില ഭാഗങ്ങളെ കൂട്ടിച്ചേർത്തായിരുന്നു ജില്ലയുടെ രൂപീകരണം. പഴയ കോഴിക്കോട് ജില്ലയിലെ ഏറനാട്, തിരൂർ താലൂക്കുകളുടെയും പാലക്കാട് ജില്ലയിലെ പെരിന്തൽമണ്ണ, പൊന്നാനി താലൂക്കുകളുടെയും പ്രദേശങ്ങൾ കൂട്ടിച്ചേർത്തായിരുന്നു പുതിയ ജില്ലയുടെ രൂപീകരണം. ഏറെ വിമർശനങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിലായിരുന്നു മലപ്പുറത്തിന്റെ ജനനം.
ഗോൾഡൻ ജൂബിലിയുടെ പടിവാതിലിലെത്തി നിൽക്കുമ്പോഴും മലപ്പുറത്തിന്റെ സമഗ്ര വികസനം പോരായ്മകളുടേതാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കായുള്ള വികസനം ഇപ്പോഴും അകലെയാണ്. അടുത്ത കാലം വരെ പിന്നോക്ക ജില്ലയെന്ന പേരുണ്ടായിരുന്ന മലപ്പുറം വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലുണ്ടാക്കിയ നേട്ടങ്ങൾ സംസ്ഥാനത്തെ മുൻനിര ജില്ലകളിലൊന്നായി ഉയർന്നിട്ടുണ്ട്. പ്രവാസികൾ ഏറെയുള്ള ജില്ലയിൽ ഗൾഫ് പണം ഏറെ എത്തിയെങ്കിലും ജില്ലയുടെ വികസനത്തിനായി കാര്യക്ഷമമായ വിനിയോഗം നടക്കാത്തത് എന്നും വിമർശന വിധേയമാണ്.

 

ആരോഗ്യരംഗം

സ്വകാര്യ ആശുപത്രികൾ ഏറെയുള്ള ജില്ലയിൽ സർക്കാർ മേഖലയിലെ ആരോഗ്യ സംവിധാനങ്ങൾ ഇപ്പോഴും പിന്നോക്കാവസ്ഥയിലാണ്. മഞ്ചേരിയിൽ അടുത്ത കാലത്ത് നിലവിൽ വന്ന മെഡിക്കൽ കോളേജിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളായിട്ടില്ല. മെഡിക്കൽ കോളേജിന്റെ അംഗീകാരം തന്നെ തുലാസിലാണ്. സൗകര്യങ്ങൾ വർധിപ്പിച്ച് മികച്ച മെഡിക്കൽ കോളേജായി മാറ്റണമെന്ന ആവശ്യം ശക്തമാണെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം പ്രശ്‌നങ്ങൾ തുടരുന്നു. ജില്ലയിലെ മൂന്നു താലൂക്ക് ആശുപത്രികൾക്ക് ജില്ലാ ആശുപത്രികളുടെ പദവി നൽകിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളിൽ വർധനവുണ്ടായില്ല.ഇപ്പോഴും മെച്ചപ്പെട്ട ചികിൽസക്ക് ജില്ലയിലെ ജനങ്ങൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
ആരോഗ്യരംഗത്ത് സ്വകാര്യ മേഖലയാണ് മലപ്പുറത്ത് മുന്നിൽ നിൽക്കുന്നത്. എന്നാൽ സ്വകാര്യ മേഖലയിലെ ഭാരിച്ച ചികിൽസാ ചെലവുകൾ ജനങ്ങളെ വലക്കുന്നു. ആയുർവേദ രംഗത്ത് പ്രശസ്തമായ ജില്ലയിലെ കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ ഒരു വിഭാഗം ജനങ്ങൾക്ക് സൗജന്യ ചികിൽസയൊരുക്കുന്നതാണ് ഇതിന് അപവാദം.
രോഗനിർണയത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് മലപ്പുറത്തിന്റെ പൊതു ആരോഗ്യമേഖല നേരിടുന്ന പ്രധാന വെല്ലുവിളി. പകർച്ചപ്പനികൾ പടർന്നു പിടിക്കുമ്പോഴും മെച്ചപ്പെട്ട ലാബ് സംവിധാനങ്ങൾ സർക്കാർ മേഖലയിൽ ഇല്ല. ഇതിനായി ജനങ്ങൾക്ക് വൻതുക നൽകി സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടി വരുന്നു.

വിദ്യാഭ്യാസം

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന ജില്ലയാണ് മലപ്പുറം. തുടർപഠനത്തിന് യോഗ്യത നേടുന്ന കുട്ടികളുടെ എണ്ണത്തിലും മലപ്പുറം മുൻപന്തിയിൽ തന്നെ. എന്നാൽ ഇവർക്ക് പ്ലസ് വണിന് തുടർന്ന് പഠിക്കാൻ സർക്കാർ, എയ്ഡഡ് മേഖലകളിൽ ഇപ്പോഴും വേണ്ടത്ര സംവിധാനങ്ങളില്ല. എല്ലാ വർഷവും ഒരു ലക്ഷത്തോളം വിദ്യാർഥികളാണ് പൊതു വിദ്യാലയങ്ങളിൽ പ്രവേശനം ലഭിക്കാതെ സ്വകാര്യ സ്ഥാപനങ്ങളെ തുടർ പഠനത്തിനായി ആശ്രയിക്കുന്നത്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളുടെ എണ്ണം വർധിപ്പിക്കണമെന്നും സീറ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്നുമുള്ള ആവശ്യം വർഷങ്ങളായി നിലനിൽക്കുന്നു.
ഉന്നത പഠനമേഖലകളിലും ഈ പ്രതിസന്ധി തുടരുന്നു. കേരളത്തിലെ പ്രമുഖമായ കാലിക്കറ്റ് സർവ്വകലാശാല, തിരൂർ തുഞ്ചൻ മലയാളം സർവ്വകലാശാല എന്നിവയുണ്ടെങ്കിലും കോളേജ് വിദ്യാഭ്യാസത്തിന് ആവശ്യമായ സീറ്റുകൾ ജില്ലയിൽ ഇല്ല. ഈ രംഗത്തും സ്വകാര്യ സ്ഥാപനങ്ങളുടെ ചൂഷണത്തിന് വിദ്യാർഥികൾ വിധേയരാകുകയാണ്.
റോഡ് ഗതാഗത രംഗത്ത് ഏറെക്കുറെ  മികവു പുലർത്തുന്ന ജില്ലയാണ് മലപ്പുറം. മികച്ച ദേശീയ,സംസ്ഥാന പാതകളുള്ള മലപ്പുറത്ത് ഗ്രാമീണ റോഡുകളും മെച്ചപ്പെട്ടതാണ്. അതേസമയം, റെയിൽ ഗതാഗതത്തിൽ ജില്ല അവഗണിക്കപ്പെടുകയാണ്. ജില്ലയിലെ റെയിൽവെ സ്റ്റേഷനുകളുടെ ശോചനീയാവസ്ഥ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ദീർഘദൂര തീവണ്ടികൾക്ക് ജില്ലയിൽ സ്റ്റോപ്പുകൾ അനുവദിക്കാത്തതും പ്രതിസന്ധിയാണ്. ഏറെ കാലമായി വാഗ്ദാനം ചെയ്യപ്പെടുന്ന നിലമ്പൂർ-നഞ്ചങ്കോട് റെയിൽപാത ഇന്നും കടലാസിൽ തന്നെ. നിലമ്പൂരിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ഈ പാത നിലവിൽ വന്നാൽ ജില്ലയുടെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ചർച്ച ചെയ്യപ്പെട്ടിരുന്നു അങ്ങാടിപ്പുറം-ഫറോക്ക് പാതയും, താനൂർ-ഗുരുവായൂർ പാതയും ഇനിയും യാഥാർഥ്യത്തിലേക്കടുത്തിട്ടില്ല.
വ്യോമഗതാഗത മേഖലയിൽ കരിപ്പൂർ എയർപോർട്ട് ജില്ലക്ക് അഭിമാനമാണ്. എന്നാൽ ഈ വിമാനത്താവളെ തളർത്തുന്ന രീതിയിലുള്ള തീരുമാനങ്ങളാണ് കേന്ദ്രസർക്കാർ അടുത്ത കാലത്ത് എടുത്തു വരുന്നത്. പൂർണമായി സർക്കാർ മേഖലയിലുള്ള ഈ വിമാനത്താവളത്തിന്റെ വികസനത്തിന് തുരങ്കം വെക്കുന്ന നിലപാടുകളാണ് കേന്ദ്രം സ്വീകരിച്ചു വരുന്നത്.

ടൂറിസം
സർക്കാർ ഫണ്ട് ഏറെ അനുവദിക്കപ്പെട്ടിട്ടും കരകയറാത്ത മേഖലയാണ് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും യാഥാർഥ്യമായിട്ടില്ല. നിലമ്പൂരിലെ ആഢ്യൻപാറ വെള്ളച്ചാട്ടം, തേക്ക് മ്യൂസിയം, മലപ്പുറത്ത് കോട്ടക്കുന്ന്, പൊന്നാനി ബിയ്യം കായൽ എന്നിവയാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മികച്ചു നിൽക്കുന്നത്. ഇവിടങ്ങളിലും അന്യജില്ലകളിൽ നിന്നോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയുന്ന മികച്ച പദ്ധതികളൊന്നുമില്ല. കടലുണ്ടി പക്ഷിസങ്കേതം, കുറ്റിപ്പുറത്തെ നിള പാർക്ക്, പെരിന്തൽമണ്ണയിലെ കൊടികുത്തി മല, വേങ്ങരക്കടുത്ത ഊരകം മല എന്നിവിടങ്ങളിലെല്ലാം പദ്ധതികളേറെ പ്രഖ്യാപിക്കപ്പെട്ടെങ്കിലും വികസനം അകലെയാണ്.

കാർഷിക മേഖല

കാർഷിക രംഗത്ത് മഹത്തായ പാരമ്പര്യമുള്ള മലപ്പുറത്തിന്റെ പോയകാലത്തിന്റെ പ്രതാപം നഷ്ടപ്പെട്ടിരിക്കുന്നു. നെൽവയലുകൾ അതിവേഗം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. കേര കർഷകരുടെ എണ്ണവും കുറഞ്ഞുകൊണ്ടിരിക്കുന്നു. മലയോര മേഖലയിൽ പ്രകൃതിക്ഷോഭവും വന്യജീവികളുടെ ശല്യവും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. പച്ചക്കറി ഉൽപാദനത്തിലാണ് ജില്ലയിൽ മുന്നേറ്റം നടക്കുന്നത്. അതേ സമയം വടക്കേ ഇന്ത്യയിലെ ആഗ്രയിലേക്ക് ഒരുകാലത്ത് വൻതോതിൽ കയറ്റി അയക്കപ്പെട്ടിരുന്ന കോഡൂർ കുമ്പളങ്ങ പോലുള്ള പ്രത്യേക പച്ചക്കറികളുടെ ഉൽപാദനം പാടെ അപ്രത്യക്ഷമായി. ആഗ്രയിൽ നിർമിക്കപ്പെട്ടിരുന്ന മധുരപലഹാരമായ ആഗ്ര പേഡ നിർമ്മിക്കുന്നതിന് കുമ്പളങ്ങ കയറ്റിപ്പോയിരുന്നത് മലപ്പുറം-കോട്ടക്കൽ റോഡിലുള്ള കോഡൂർ ഗ്രാമത്തിൽ നിന്നാണ്.കാർഷിക മേഖലയിൽ സർക്കാർ പ്രഖ്യാപിക്കുന്ന സഹായങ്ങൾ കർഷകരിലേക്കെത്താത്തതും യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നത് പദ്ധതികളില്ലാത്തതുമാണ് കാർഷിക മേഖലയെ തകർത്തുന്നത്.
മൽസ്യബന്ധന മേഖലയിലും ഈ പ്രതിസന്ധി തുടരുകയാണ്. പടിഞ്ഞാറെ അതിർത്തി പൂർണമായും കടലോരമുള്ള ജില്ലയാണ് മലപ്പുറം. 
എന്നാൽ മൽസ്യബന്ധനത്തിന് ആധുനിക സംവിധാനങ്ങളൊന്നും ഇപ്പോഴും നിലവിൽ ഇല്ല. പൊന്നാനി തുറമുഖം കൂടുതൽ നവീകരിച്ചാൽ മൽസ്യബന്ധനമേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയും.

വ്യവസായ മേഖല

പരമ്പരാഗത വ്യവസായ മേഖലയുടെ തകർച്ച കണ്ടു കൊണ്ടിരിക്കുന്ന മലപ്പുറത്ത് ആധുനിക വ്യവസായങ്ങളും വേരുപിടിക്കുന്നില്ല. വർഷങ്ങൾ പഴക്കമുള്ള കുറ്റിപ്പുറത്തെ സോപ്‌സ് ആന്റ് ഡിറ്റർജന്റ്‌സ് ഫാക്ടറി പ്രവർത്തനം നിർത്തി. സർക്കാർ മേഖലയിലുള്ള ഈ ഫാക്ടറി ജില്ലക്ക് ഏറെ പ്രതീക്ഷയായിരുന്നു. എന്നാൽ വ്യവസായ വകുപ്പിന്റെ തെറ്റായ നിലപാടുകളെ തുടർന്ന് ഇത് അടച്ച പൂട്ടി.
 സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന എടരിക്കോട്, മലപ്പുറം സ്പിന്നിംഗ് മില്ലുകൾ നഷ്ടക്കണക്കുകളുമായാണ് മുന്നോട്ട് പോകുന്നത്. കാക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന കിൻഫ്ര പാർക്കിലും മലപ്പുറത്തെ ഇൻകെൽ സിറ്റിയിലും സ്വകാര്യ സംരംഭകർ നടത്തുന്ന ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങളാണ് ജില്ലക്ക് പ്രതീക്ഷ നൽകുന്നത്.
വ്യവസായ മേഖലയുടെ തളർച്ച ജില്ലയിലെ തൊഴിൽമേഖലയെയും സാരമായി ബാധിക്കുന്നുണ്ട്. പുതിയ തൊഴിലവരസങ്ങൾ ഉണ്ടാക്കുന്നതിന് പൊതുമേഖലയിൽ സംവിധാനങ്ങളില്ല. സ്വകാര്യമേഖലയിലെ ഒഴിവുകളിലാണ് യുവാക്കളുടെ ആശ്രയം. ഒരു കാലത്ത് ഗൾഫ് പ്രതീക്ഷയായിരുന്നെങ്കിലും ഇന്ന് പ്രവാസത്തിന്റെ വാതിലും തൊഴിൽരഹിതർക്ക് മുന്നിൽ കൊട്ടിയടക്കുകയാണ്.

ഗൾഫ് കുടിയേറ്റം

കേരളത്തിന്റെ ഗൾഫ് കുടിയേറ്റ ചരിത്രത്തിൽ സുപ്രധാന സ്ഥാനമാണ് മലപ്പുറത്തിന്റേത്. വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് മലപ്പുറത്തുകാർ പതിറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിവച്ച തൊഴിൽതേടിയുള്ള യാത്രകൾ ചരിത്രത്തിന്റെ ഭാഗമാണ്. മിക്കവാറും കുടുംബങ്ങളിലും ഒരു പ്രവാസിയെങ്കിലും ഉണ്ടായിരിക്കും.സൗദി അറേബ്യയിലെ പ്രവാസി മലയാളികളിൽ ഭൂരിഭാഗവും മലപ്പുറത്തുകാരാണ്. പ്രവാസികൾ കഴിഞ്ഞ പതിറ്റാണ്ടുകളിൽ നാട്ടിലേക്ക് അയച്ചത് കോടിക്കണക്കിന് രൂപയാണ്. 
എന്നാൽ ഈ പണം ക്രിയാത്മകവും വികസനപരവുമായി ഉപയോഗപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാരുകളും ജില്ലാഭരണകൂടവും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും പരാജയപ്പെട്ടെന്നത് ഏറെ കാലമായി ഉയരുന്ന വിമർശനമാണ്. ബാങ്കുകളിലെ നിക്ഷേപമായും ബഹുനില കെട്ടിടങ്ങളായും ഈ പണം കെട്ടിക്കിടന്നു. ഭാവിതലമുറയുടെ തൊഴിൽ സംരക്ഷണത്തിനോ ഭക്ഷ്യസുരക്ഷക്കോ അനുയോജ്യമായ വലിയ പദ്ധതികളൊന്നും ഈ ധനശേഖരം കൊണ്ട് നടപ്പാക്കാനായിട്ടില്ല. 
ഗൾഫ് എല്ലാ കാലത്തും ശാശ്വതമായ തൊഴിൽ താവളമായിരിക്കെല്ലെന്ന് എല്ലാവരും മനസ്സിലാക്കുമ്പോഴും, നിർധനരായ പ്രവാസികളടക്കമുള്ളവരുടെ കുടുംബാംഗങ്ങൾക്ക് സ്വന്തം നാട്ടിൽ തന്നെ തൊഴിൽസാഹചര്യമൊരുക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കാനായില്ലെന്നതാണ് ഈ മേഖലയിലെ  വലിയ പരാജയം.


കായികരംഗം

കാൽപപന്തുകളിയുടെ നാടാണ് മലപ്പുറം. എന്നാൽ കളിച്ചു വളരുന്ന കുട്ടികൾക്ക് പരിശീലിക്കാൻ നല്ല മൈതാനങ്ങളോ അനുബന്ധ സൗകര്യങ്ങളോ ഇല്ല. ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നിയന്ത്രണത്തിൽ മഞ്ചേരി പയ്യനാടും, മലപ്പുറം കോട്ടപ്പടിയിലുമുള്ള സ്റ്റേഡിയങ്ങൾ മാത്രമാണ് അൽപ്പമെങ്കിലും ആശ്വാസം. 
എന്നാൽ പലപ്പോഴും ചുവപ്പു നാടയിൽ കുടുങ്ങി ഈ സ്റ്റേഡിയങ്ങൾ ആവശ്യക്കാർക്ക് പരിശീലനത്തിന് ലഭിക്കാറുമില്ല. ജില്ലയിലെ ഫുട്ബാൾ താരങ്ങൾക്ക് ഇപ്പോഴും ആശ്രയം കൊയ്‌തൊഴിഞ്ഞ പാടങ്ങളും സ്‌കൂൾ ഗ്രൗണ്ടുകളുമാണ്. ദേശീയതലത്തിൽ ഫുട്ബാളിൽ പുതിയ അവസരങ്ങളേറെ വർധിക്കുമ്പോൾ പ്രതിഭകൾ ഏറെയുണ്ടെങ്കിലും അവർക്ക് മികച്ച പരിശീനത്തിന് സൗകര്യമൊരുക്കാൻ മലപ്പുറത്തിനാകുന്നില്ല. മലബാർ സ്‌പെഷ്യൽ പോലീസിന്റെ പ്രത്യേക താൽപര്യത്തിൽ പരിശീലന പദ്ധതികളുണ്ടെങ്കിലും മലപ്പുറത്തിന്റെ ആവശ്യം പരിഗണിക്കുമ്പോൾ ഇത് ഏറെ ചെറുതാണ്.

ക്രമസമാധാനം

ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ ക്രമസമാധാന നില എന്നും ആശങ്കയുയർത്തുന്നു. രാഷ്ട്രീയസംഘട്ടനങ്ങളുടെയും വർഗീയ അക്രമങ്ങളുടെയും ആവർത്തനങ്ങൾ ജില്ലയുടെ സമാധാനം കെടുത്തുന്നു. ജില്ലയിലെ പ്രമുഖ രാഷ്ട്രീയപാർട്ടികൾ തന്നെ പ്രതിസ്ഥാനത്ത് നിൽക്കുന്ന ഈ സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കുന്നതിന് ജില്ലാ ഭരണകൂടത്തിനോ പോലീസിനോ കഴിയുന്നില്ല.

പ്രകൃതി സംരക്ഷണം

പുഴകളും മലയോരവും വയലേലകളും കടലോരവും കായലുമെല്ലാമുള്ള മലപ്പുറം ജില്ല പ്രകൃതിയുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയ പ്രദേശമാണ്. എന്നാൽ ഇവയുടെ സംരക്ഷണം അധികാരികളുടെ പ്രധാന അജണ്ടകളിൽ കടന്നു വരുന്നില്ല. പ്രധാന പുഴകളായ ഭാരതപ്പുഴയും ചാലിയാറും കടലുണ്ടിപ്പുഴയുമെല്ലാം മരണാസന്നമാണ്. വേനലിൽ വറ്റി വരളുന്ന പുഴകളെ സംരക്ഷിക്കാൻ വ്യക്തമായ പദ്ധതികളൊന്നും നടപ്പാക്കാനായിട്ടില്ല. തടയണകൾ കെട്ടി വെള്ളം സംരംഭിക്കാൻ പ്രാദേശിക തലങ്ങളിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പുഴയുടെ മലിനീകരണം, കയ്യേറ്റം തുടങ്ങി പ്രശ്‌നങ്ങൾ ഇന്നും പരിഹരിക്കാതെ കിടക്കുന്നു.

പുതിയ ജില്ലക്ക്  വേണ്ടിയുള്ള മുറവിളി

മലപ്പുറം ജില്ല അമ്പതാം വയസിലേക്ക് കടക്കുമ്പോൾ ശക്തമാകുന്ന ആവശ്യം ജില്ലയെ വിഭജിക്കണമെന്നതാണ്. തിരൂർ കേന്ദ്രീകരിച്ച് പുതിയ ജില്ല വേണമെന്ന ആവശ്യം ശക്തമായി വരികയാണ്. ഭൂവിസ്തൃതി ഏറെയുള്ള മലപ്പുറത്തിന്റെ ഭരണപരമായ ആവശ്യങ്ങൾക്കും ജനങ്ങളുടെ സൗകര്യങ്ങൾക്കുമായി വിഭജനം അനിവാര്യമാണെന്ന ആവശ്യം വിവിധ സംഘടനകൾ ഉയർത്തുന്നുണ്ട്. പ്രമുഖ രാഷ്ട്രീയ പാർട്ടികളും ഈ ആവശ്യത്തെ പിന്തുണച്ചു തുടങ്ങിയിട്ടുണ്ട്. ഗോൾഡൻ  ജൂബിലി വർഷത്തിൽ മലപ്പുറത്ത് ഉയർന്നു കേൾക്കുന്ന പ്രധാന മുദ്രാവാക്യങ്ങളിലൊന്ന് തിരൂർ ജില്ലക്ക് വേണ്ടിയായിരിക്കും.


 

Latest News