തിരുവനന്തപുരം - ആറ്റിങ്ങലിൽ പൊതുസ്ഥലത്ത് അശ്ലീല രീതിയിൽ വീഡിയോ ചിത്രീകരിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കാരേറ്റ് തൊളിക്കുഴി സ്വദേശി അർജുൻ, മുതുവിള സ്വദേശി ഷെമീർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പാന്റിന് മുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചായിരുന്നു ഇവരുടെ വീഡിയോ ചിത്രീകരണം. ഒടുവിൽ സഹികെട്ട് പ്രദേശവാസികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. അർജുനാണ് അശ്ലീല രീതിയിൽ വസ്ത്രം ധരിച്ച് ബസ് സ്റ്റാൻഡ്, ചായക്കട തുടങ്ങി ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിലെല്ലാം കറങ്ങി നടന്നത്. എല്ലായിടത്തുനിന്നും വീഡിയോയും പകർത്തി. പോലീസിന് മുമ്പിലും കൂസലില്ലാതെ നടന്ന യുവാക്കൾ വിവരമന്വേഷിച്ചപ്പോൾ തങ്ങൾ പ്രാങ്ക് വീഡിയോ ചിത്രീകരിക്കുകയാണെന്നും കാറിലിരുന്ന് സുഹൃത്ത് ചിത്രീകരിക്കുന്നതായും പറഞ്ഞു. ഇതോടെ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പാന്റിന് മുകളിൽ ധരിച്ച അടിവസ്ത്രം ഊരിച്ച ശേഷമാണ് ഇരുവരെയും പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ബോംബ് ഭീഷണി; പരിശോധന തുടരുന്നു
കൊച്ചി - നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഞായറാഴ്ച വൈകുന്നേരം 3.30ന് വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിലേക്കാണ് ഇമെയിലിൽ ഭീഷണി സന്ദേശമെത്തിയത്. ഇതിന് പിന്നാലെ വിവിധ സുരക്ഷാ വിഭാഗങ്ങൾ വിമാനത്താവളത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. പരിശോധന ഇപ്പോഴും പുരോഗമിക്കുകയാണ്.
ഭീഷണി സന്ദേശമെത്തിയ മെയിൽ ഐ.ഡി വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ ദുരൂഹമായതൊന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ പറഞ്ഞു.
മലയാളി നഴ്‌സ് ജർമനിയിൽ പനി ബാധിച്ച് മരിച്ചു
കൽപ്പറ്റ - വയനാട് സ്വദേശിനിയായ നഴ്‌സ് ജർമനിയിൽ പനി ബാധിച്ച് മരിച്ചു. വയനാട് വെള്ളമുണ്ട ഒഴുക്കൻമൂല പാലേക്കുടി ജോസഫിന്റെയും ലില്ലിയുടെയും മകൾ അനി സജി (44) ആണ് മരിച്ചത്. ഇരിട്ടി അങ്ങാടിക്കടവ് അതുല്യ സ്റ്റുഡിയോ ഉടമ മമ്പള്ളിക്കുന്നേൽ സജി തോമസിന്റ ഭാര്യയാണ്.
മാർച്ച് ആറിനാണ് ഇവർ ജോലിക്കായി ജർമ്മനിയിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ അറിയിച്ചു. മക്കൾ: അതുല്യ ആൻ തോമസ്, ഇവാന ട്രീസ തോമസ്.