Sorry, you need to enable JavaScript to visit this website.

ഒറ്റത്തെരഞ്ഞെടുപ്പ് മുതല്‍ ഇരട്ടയക്ക വളര്‍ച്ച വരെ; നിതി ആയോഗ് യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ ഇങ്ങനെ

ന്യൂദല്‍ഹി- ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ നടന്ന നിതി ആയോഗ് നാലാം സുപ്രധാന യോഗത്തില്‍ ചര്‍ച്ചയായത് നിരവധി വിഷയങ്ങള്‍. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇരട്ടയക്കത്തിലെത്തിക്കുന്നത് സുപ്രധാന നടപടികള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 23 മുഖ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ ചര്‍ച്ചയായ പ്രധാന വിഷയങ്ങള്‍: 

മുഖ്യമന്ത്രിമാരുടെ പങ്ക്
വിവിധ സമിതികളിലെ പങ്കാളിത്തത്തിലൂടെ നയരൂപീകരണത്തിലെ മുഖ്യമന്ത്രിമാരുടെ പങ്കിനെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. മുഖ്യമന്ത്രിമാര്‍ അംഗങ്ങളായ സമിതികളും ഉപസമിതികളും നല്‍കുന്ന നിര്‍ദേശങ്ങള്‍ വിവിധ മന്ത്രാലയങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം
വെള്ളപ്പൊക്ക ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്രം എല്ലാ സഹായങ്ങളും ഉറപ്പു നല്‍കി. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് വിഭവങ്ങളുടെയോ ശേഷികളുടേയോ കുറവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കായി 11 ലക്ഷം കോടി രൂപ കേന്ദ്രം നല്‍കും. മുന്‍ സര്‍ക്കാര്‍ അവസാന വര്‍ഷം നല്‍കിയതിനേക്കാള്‍ ആറു ലക്ഷം കോടി രൂപ അധികമാണിത്. 15-ാം സാമ്പത്തിക കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ പുനപ്പരിശോധിക്കണമെന്ന് ഏതാനും മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു. 

രാജ്യമൊട്ടാകെ ഒറ്റത്തെരഞ്ഞെടുപ്പ്
രാജ്യമൊട്ടാകെ ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒന്നിച്ചു നടത്തുന്നതിനെ കുറിച്ച് വ്യാപകമായി ചര്‍ച്ചകള്‍ക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇതു സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കുമെന്നതടക്കമുള്ള പലഘടകങ്ങളും ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ചകള്‍ക്ക് മോഡി ആഹ്വാനം നടത്തിയത്. 2024 മുതല്‍ രാജ്യമൊട്ടാകെ രണ്ടു ഘട്ടങ്ങളിലായുള്ള ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്ന് നേരത്തെ നിതി ആയോഗ്് നിര്‍ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നാല്‍ ഭരണം മുടങ്ങുന്നതാണ് അന്ന് ചൂണ്ടിക്കാട്ടിയ പ്രധാന കാരണം. 

ക്ഷേമ പദ്ധതികള്‍
ആയുശ്മാന്‍ ഭാരത് പദ്ധതി പ്രകാരം രാജ്യത്തൊട്ടാകെ 1.5 ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും 10 കോടി കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ മൂല്യമുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കുമെന്നും മോഡി പറഞ്ഞു. സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ സമീപന മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുദ്രാ യോജന, ജന്‍ ധന്‍ യോജന, സ്റ്റാന്‍ഡപ് ഇന്ത്യ പദ്ധതികള്‍ നിരവധി പേരെ സാമ്പത്തിക പ്രക്രിയകളില്‍ പങ്കാളികളാക്കി. ഗ്രാം സ്വരാജ് അഭിയാന്‍ 45,000 ഗ്രാമങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചു. നിതി ആയോഗ് കണ്ടെത്തുന്ന 115 തെരഞ്ഞെടുത്ത ഗ്രാമങ്ങളിലെ മാനവ വികസനത്തിന്റെ എല്ലാ മാനദണ്ഡങ്ങളും മെച്ചപ്പെടുത്തും. 

പരിസ്ഥിതി പ്രശ്‌നങ്ങള്‍
സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ഔദ്യോഗിക വസതികള്‍, തെരുവു വിളക്കുകല്‍ എന്നിവിടങ്ങളില്‍ എല്‍ ഇ ഡി ബള്‍ബുകള്‍ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സ്വച്ഛ ഭാരത മിഷന്റെ ഭാഗമായി നാലു വര്‍ഷത്തിനിടെ 7.70 കക്കൂസുകള്‍ നിര്‍മ്മിച്ചു. അടുത്ത വര്‍ഷം ഒക്ടോബര്‍ രണ്ടോടെ 100 ശതമാനം ശുചിത്വം കൈവരിക്കാന്‍ നപടികളെടുക്കണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.


 

Latest News