പെരിന്തൽമണ്ണ-ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി പാറപ്പുറവൻ മുഹമ്മദ് റഫീഖ് (35) ആണ് അറസ്റ്റിലായത്. ഏലംകുളത്തെ പൂത്രോടി കുഞ്ഞലവിയുടെയും നഫീസയുടെയും ഏകമകൾ ഫാത്തിമ ഫഹ്നയാണ് (30) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഏലംകുളത്തെ സ്വന്തം വീട്ടിൽ, ഭർത്താവിനും നാലുവയസുകാരി മകൾക്കുമൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു ഫഹ്ന. ലൈംഗികാവശ്യം നിരാകരിച്ചതിനെ തുടർന്ന് പ്രകോപിതനായ പ്രതി പരപുരുഷ ബന്ധം ആരോപിച്ച് ക്രുദ്ധനാവുകയായിരുന്നു. അർധരാത്രിയോടെ മുറിയിൽ നിന്നു ഒച്ചയും ബഹളവും കേട്ട് അടുത്തുള്ള മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ഫഹ്നയുടെ മാതാവ് ചെന്ന് നോക്കിയപ്പോൾ വീട്ടിൽ നിന്നു ഓടിപ്പോകുന്ന റഫീഖിനെ കണ്ടു.
ഉടൻ മുറിയിൽ വന്നു നോക്കിയപ്പോൾ ഫഹ്നയെ കൈകാലുകൾ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായിൽ തുണി തിരുകിയ നിലയിലും കാണപ്പെട്ടു. ഉടൻ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞു. ഭാര്യയുടെ സ്വർണാഭരണം ഊരിയെടുത്ത് മണ്ണാർക്കാട് ആവണക്കുന്നിലെ വീട്ടിലെത്തിയ റഫീഖിനെ സംഭവം ദിവസം തന്നെ പെരിന്തൽമണ്ണ സി.ഐ അലവിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. തെളിവെടുപ്പിനിടെ വീട്ടിൽ നിന്നു സ്വർണാഭരണങ്ങൾ കണ്ടെടുത്തു. തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ കോഴിക്കോട് ജില്ലയിൽ കളവിനും കല്ലടിക്കോട് സ്റ്റേഷൻ പരിധിയിൽ എ.ടി.എം കൗണ്ടർ തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചതിനും കേസുകൾ നിലവിലുണ്ട്. പെരിന്തൽമണ്ണ സി.ഐ അലവി, എസ്.ഐ അലി, എസ്.ഐ വിശ്വംഭരൻ, എ.എസ്.ഐ അനിത, എസ്.സി.പി.ഒമാരായ സിന്ധു, രേഖാമോൾ, ജയേഷ്, ഉല്ലാസ്, സി.പി.ഒ പ്രവീൺ, ഷജീർ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.