Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാഷ്ട്രീയത്തിലേക്കില്ല, വാർത്തകൾ നിഷേധിച്ച് ഉണ്ണി മുകുന്ദൻ

രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും ബഹുമാനം

കൊച്ചി- തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ നിഷേധിച്ച് സിനിമാതാരം ഉണ്ണി മുകുന്ദൻ. താൻ രാഷ്ട്രീയത്തിലിറങ്ങുമെന്ന വാർത്ത വ്യാജമാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ സിനിമാതാരം വ്യക്തമാക്കി. എന്നാൽ തനിക്ക് രാഷ്ട്രീയത്തോട് വലിയ മതിപ്പാണെന്നും അതിനെ ചെറുതായി കാണുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം വാർത്തകൾ പുറത്തുവിടുന്നതിന് മുമ്പ് അതിന്റെ ആധികാരികത പരിശോധിക്കാൻ മാധ്യമങ്ങൾ തയ്യാറാകണം. ഇത് വീണ്ടും വീണ്ടും പറയേണ്ടി വരുന്നത് ഖേദകരമാണ്. രാഷ്ട്രീയക്കാരോടും രാഷ്ട്രീയത്തോടും തനിക്ക് വലിയ ബഹുമാനമാണുള്ളത്. സമൂഹത്തിൽ നേരിട്ട് സ്വാധീനം ചെലുത്താൻ കഴിയുന്നത് അവർക്കാണ്. രാഷ്ട്രീയത്തെ താൻ നിസ്സാരമായി കാണുകയില്ല. ഇപ്പോൾ താൻ ഗാന്ധർവ ജൂനിയർ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണെന്നും അത് ദീർഘമായ ഷെഡ്യൂൾ വേണ്ട സിനിമയാണെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. 
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നടൻ ഉണ്ണി മുകുന്ദനെ സ്ഥാനാർത്ഥിയാക്കാൻ ബി.ജെ.പിയുടെ ഭാഗത്തു നിന്ന് സമ്മർദമുണ്ടെന്ന വാർത്തകകൾ പ്രചരിക്കുന്നതിനിടെയാണ് താരം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ സ്ഥാനാർഥിത്വം ഹിന്ദുമത വിശ്വാസികളുടെ വോട്ട് ഏകീകരിക്കുമെന്നും അദ്ദേഹത്തിന്റെ ജനപ്രിയത രാഷ്ട്രീയത്തിനുപരി വോട്ടായി മാറുമെന്നുമാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ബി.ജെ.പിക്ക് വിജയപ്രതീക്ഷയുള്ള ഏതെങ്കിലുമൊരു മണ്ഡലത്തിൽ അദ്ദേഹത്തെ സ്ഥാനാർഥിയാക്കുകയാണ് ലക്ഷ്യം. ഉണ്ണി മുകുന്ദന് വ്യക്തിബന്ധങ്ങളുള്ള പാലക്കാടാണ് മുഖ്യപരിഗണനയിലുള്ളത്. എന്നാൽ ഉണ്ണി മുകുന്ദൻ ഇതുവരെ ഇതിന് സമ്മതം മൂളിയിട്ടില്ല. സിനിമാ താരം എന്ന നിലയ്്ക്കുള്ള തന്റെ പൊതുസ്വീകാര്യതക്ക് രാഷ്ട്രീയപ്രവേശനം മങ്ങലേൽപിക്കുമെന്ന ആശങ്ക താരത്തിനുണ്ട്. സിനിമയിൽ വന്ന ശേഷം സൂപ്പർ ഹീറോ പരിവേഷം ലഭിച്ചു തുടങ്ങിയ സമയത്ത് തന്നെ രാഷ്ട്രീയത്തിലേക്ക് തിരിയുന്നത് ഭാവിയിൽ സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുത്തുമെന്നും ഉണ്ണിയോടടുപ്പമുള്ളവർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. 
ഉണ്ണി മുകുന്ദന് മുന്നിൽ മാതൃകയായി സുരേഷ് ഗോപിയുണ്ട്. എന്നാൽ സുരേഷ് ഗോപി മലയാള സിനിമയിലെ അദ്ദേഹത്തിന്റെ സുവർണ കാലഘട്ടത്തിന് ശേഷം രാഷ്ട്രീയത്തിൽ വന്നയാളാണ്. സംഘപരിവാർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ അദ്ദേഹത്തിന് സിനിമയിൽ നിന്ന് ഏറെ കാലം മാറി നിൽക്കേണ്ടിവന്നു. മോഹൻലാലിനെ ഇതുപോലെ രാഷ്ട്രീയത്തിലിറക്കാൻ ബി ജെ പി നേതൃത്വം ഏറെ ശ്രമിച്ചിരുന്നതാണെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.
തന്റെ സംഘപരിവാർ ബന്ധം തുറന്നു പറഞ്ഞിട്ടുള്ള ആളാണ് ഉണ്ണി മുകുന്ദൻ. താൻ ബി ജെ പി - ആർ എസ് എസ് അനുഭാവിയാണെന്ന് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ബി ജെ പിയുടെയും ആർ എസ് എസിന്റെയും പരിപാടികളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. പാലക്കാട് ബി ജെ പിയുടെ പരിപാടികളിൽ ഉണ്ണി മുകുന്ദനെ സജീവമായി അവതരിപ്പിക്കാൻ നേതാക്കൾ ശ്രമിച്ചിരുന്നു.
തിരഞ്ഞെടുപ്പിൽ മത്സരിച്ചാലും ഇല്ലെങ്കിലും ബി ജെ പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാൻ ഉണ്ണി മുകുന്ദൻ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഉണ്ണി മുകുന്ദൻ യെസ് മൂളിയാൽ അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിയുടെ കേരളത്തിലെ സ്റ്റാർ ക്യാംപെയ്‌നർ അദ്ദേഹമായിരിക്കും. രാഷ്ട്രീയത്തോടുള്ള അദ്ദേഹത്തിന്റെ താൽപര്യം വ്യക്തമാക്കിക്കൊണ്ട് തന്നെയാണ് അദ്ദേഹം സാമൂഹ്യമാധ്യമത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
 

Latest News