എടപ്പാൾ-എടപ്പാൾ സ്വദേശിയായ ധീര ജവാന് ജമ്മു കാശ്മീരിലെ ആശുപത്രിയിൽ അന്ത്യം. എടപ്പാൾ കാവിൽ പടി പടിഞ്ഞാക്കര സുമേഷ്( 45 )ആണ് അന്തരിച്ചത്. ജമ്മു കാശ്മീരിൽ പോസ്റ്റൽ ഹവിൽദാർ ആയി ജോലി ചെയ്യുകയായിരുന്നു സുമേഷ്. കഴിഞ്ഞദിവസം ഛർദി പിടിപെട്ടതിനെത്തുടർന്ന് ആശുപത്രിയിലായിരുന്നു. ഇന്നലെയാണ് സുമേഷ് മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്. ഭാര്യയും മക്കളും സുമേഷിനൊപ്പം കാശ്മീരിൽ ആയിരുന്നു താമസം. മൃതദേഹം നാളെ (തിങ്കൾ) രാവിലെ 9 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തും. തുടർന്ന് റോഡ് മാർഗ്ഗം ചങ്ങരംകുളത്ത് എത്തുന്ന മൃതദേഹം മലപ്പുറം ജില്ല സൈനിക സമിതിയുടെ നേതൃത്വത്തിൽ വിലാപയാത്രയായി കാവിൽപ്പടിയിലെ വീട്ടിലെത്തിക്കും. വൈകുന്നേരം മൂന്ന് മണിയോടെ സൈനിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും.