മലപ്പുറം-റമദാൻ 27-ാം രാവിന്റെ ഭാഗമായി മലപ്പുറം സ്വലാത്ത് നഗറിൽ അടുത്ത തിങ്കളാഴ്ച സംഘടിപ്പിക്കുന്ന പ്രാർഥനാ സമ്മേളനത്തിനെത്തിച്ചേരുന്ന വിശ്വാസികളെ സ്വീകരിക്കാൻ സ്വലാത്ത് നഗർ ഒരുങ്ങുന്നു. രാജ്യത്തെ തന്നെ ഏറ്റവും വലിയ റംസാൻ ആത്മീയ കൂട്ടായ്മയാണിതെന്നു സംഘാടകർ അറിയിച്ചു. വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. കിഴക്കേതല മുതൽ പൂക്കോട്ടൂർ വരെ ശബ്ദ,വെളിച്ച സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. പ്രധാന ഗ്രൗണ്ടിനു പുറമെ പരിസരത്തെ ഗ്രൗണ്ടുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവയും സജ്ജീകരിക്കുന്നുണ്ട്. സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി നിരവധി വിശ്വാസികളാണ് സ്വലാത്ത് നഗറിലെത്തുക. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു പോലീസ് നിർദേശപ്രകാരം മേൽമുറിയിലും പരിസര പ്രദേശങ്ങളിലും ട്രാഫിക് സജ്ജീകരണങ്ങൾ ഒരുക്കും. തറാവീഹ് നിസ്‌കാരം, മറ്റു നിസ്‌കാരങ്ങൾ എന്നിവക്കും വിപുലമായ സൗകര്യങ്ങൾ സജ്ജമാക്കും. വിവിധ ഭാഗങ്ങളിലായി സ്ത്രീകൾക്ക് പ്രത്യേക സംവിധാനങ്ങളൊരുക്കുന്നുണ്ട്. തിങ്കളാഴ്ച പുലർച്ചെ നാലു മുതൽ റമദാൻ 27-ാം രാവ് പ്രാർഥനാ സമ്മേളന ആത്മീയ മജ്ലിസുകൾ നടക്കും. രാത്രി ഒമ്പതിനു പ്രാർഥനാ സമ്മേളന സമാപന സംഗമത്തിന് തുടക്കമാകും. മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ അധ്യക്ഷതയിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്്ലിയാർ ഉദ്ഘാടനം ചെയ്യും. പ്രമുഖർ പങ്കെടുക്കും.
പ്രാർഥനാ സമ്മേളനത്തിനെത്തിച്ചേരുന്ന വിശ്വാസികളുടെ സൗകര്യത്തിനായി സൂപ്പർ സ്‌പെഷാലിറ്റി ഇന്റൻസീവ് കെയർ യൂണിറ്റ്, മൊബൈൽ ടെലി മെഡിസിൻ യൂണിറ്റ്, ക്ലോക്ക് റൂം, ഹെൽപ്പ് ഡെസ്‌ക്, ഫയർഫോഴ്‌സ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ 5555 അംഗ വോളണ്ടിയർ കോറിന്റെ സേവനവുമുണ്ടാകും.
ഒരു ലക്ഷം പേർ സംബന്ധിക്കുന്ന ഗ്രാന്റ് ഇഫ്ത്താറാണ് സജ്ജീകരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു. പ്രാർഥനാ സമ്മേളനത്തിനെത്തുന്നവർക്കും യാത്രക്കാർക്കും നോമ്പ്തുറ നൽകുന്നതിനു നാഷണൽ ഹൈവേയിൽ ഇഫ്ത്താർ ടെന്റുകളുമൊരുക്കും.
പ്രാർഥനാ സമ്മേളനത്തിനു മുന്നോടിയായുള്ള വിവിധ പരിപാടികൾ മഅദിൻ കാമ്പസിൽ നടന്നു വരുന്നു. തിങ്കളാഴ്ച രാവിലെ പത്തിനു വനിതകൾക്കായി മഹളറത്തുൽ ബദ്രിയ്യ സദസ് സംഘടിപ്പിക്കും. സയ്യിദ് ശിഹാബുദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകും. നാളെ വനിതാ വിജ്ഞാന വേദി സമാപന സംഗമം നടക്കും. മഅദിൻ അക്കാഡമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രഭാഷണവും പ്രാർഥനയും നടത്തും.
ബുധനാഴ്ച വൈകുന്നേരം നാലിനു പ്രാർഥനാ സമ്മേളനത്തിന്റെ പതാക കാൽനാട്ടൽ കർമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഫിനാൻസ് സെക്രട്ടറി എ.പി അബ്ദുൾ കരീം ഹാജി ചാലിയം നിർവഹിക്കും. മഅദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിക്കും.