കോഴിക്കോട് - എലത്തൂർ ട്രെയിൻ തീവെപ്പുമായി ബന്ധപ്പെട്ട മരണങ്ങളിൽ തനിക്ക് പങ്കില്ലെന്ന് പ്രതി ഷാറൂഖ് സെയ്ഫി. ട്രെയിനിൽ നിന്ന് താൻ ആരെയും തള്ളിയിട്ടില്ല. ട്രെയിനിൽനിന്ന് ആരെങ്കിലും ചാടുന്നതോ വീഴുന്നതോ കണ്ടില്ലെന്നും ഷാറൂഖ് സെയ്ഫി അന്വേഷണ സംഘത്തോട് പറഞ്ഞു.
രണ്ടര വയസ്സായ ഒരു കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരാണ് ട്രെയിൻ തീവെപ്പിൽ ജീവൻ അപകടത്തിലായത്. ട്രെയിനിൽ തീ പടർന്നതോടെ ജീവനായുള്ള നെട്ടോട്ടത്തിനിടയിലാണ് ഇവരെ മരിച്ച നിലയിൽ റെയിൽ പാളത്തിൽനിന്ന് കണ്ടെത്തിയത്.
അതിനിടെ, ട്രെയിൻ തീവെപ്പ് കേസ് തീവ്രവാദ സ്വഭാവമുള്ളതാണെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പ്രാഥമിക റിപ്പോർട്ട്. ആസൂത്രിത ആക്രമണമാണ് ഉണ്ടായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കേസിന്റെ അന്തർ സംസ്ഥാന ബന്ധത്തിൽ സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എൻ.ഐ.എ സംഘം റിപ്പോർട്ട് കൈമാറിയതായാണ് വിവരം. ട്രെയിൻ ആക്രമണം വലിയ ഒരു ആക്രമണത്തിന് മുന്നോടിയായുള്ള പരീക്ഷണമായിരുന്നോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. എന്നാൽ, ആക്രമണത്തിന് പ്രതിക്ക് മതിയായ പരിശീലനം ലഭിക്കാത്തത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതായും വിലയിരുത്തലുണ്ട്.