കൊച്ചി- പ്രധാനമന്ത്രി നരേന്ദ്ര മോഡി നല്ല നേതാവാണെന്ന് സീറോ മലബാര്‍ സഭ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ബി ജെ പി ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് അരക്ഷിതാവസ്ഥയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ എല്‍ ഡി എഫിനെയും യു ഡി എഫിനെയും പോലെ ബി ജെ പിയ്ക്കും സാദ്ധ്യതയുണ്ട്. ജനങ്ങളുടെ പിന്തുണ ലഭിക്കത്തക്ക രീതിയിലുള്ള സമീപനങ്ങള്‍ ബി ജെ പിയില്‍ നിന്നുണ്ടാകുന്നുണ്ടെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.അന്താരാഷ്ട്ര തലത്തില്‍ ലീഡര്‍ഷിപ്പ് വളര്‍ത്തിയെടുക്കാന്‍ മോഡി ശ്രമിക്കുകയും അത് വിജയിക്കുകയും ചെയ്തു. ഇവിടെയും അദ്ദേഹം ആരുമായിട്ടും ഏറ്റുമുട്ടലിന് പോയിട്ടില്ലല്ലോ. കമ്മ്യൂണിസ്റ്റ് സര്‍ക്കാരുമായി ഏറ്റുമുട്ടി ജയിക്കാനല്ല ശ്രമിക്കുന്നത്. മറിച്ച് നേതൃത്വപരമായ പ്രാഗല്‍ഭ്യം വളര്‍ത്തിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഭരണാധികാരിയെ ബഹുമാനിക്കുന്ന സമീപനമാണ് സഭയുടേതെന്നും അഭിമുഖത്തിലെ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സഭാ വക്താവ് പ്രതികരിച്ചു. പല വ്യാഖ്യാനങ്ങള്‍ക്കും ഇടനല്‍കുന്നതാണ് തലക്കെട്ട്. ആലഞ്ചേരി പറഞ്ഞതിന്റെ സാരാംശം അങ്ങനെയല്ലെന്നും വക്താവ് വ്യക്തമാക്കി.