ന്യൂദല്‍ഹി - രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. രാഹുലിന് ആരൊക്കെയായി ബന്ധമുണ്ടെന്നും വിദേശത്ത് പോയി ആരെയൊക്കെയാണ് കാണുന്നതെന്നും തനിക്കറിയാമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. കളങ്കിത വ്യവസായികളെ കാണുന്നതൊക്കെ അറിയാഞ്ഞിട്ടല്ല, എന്നാല്‍ ഗാന്ധി കുടുംബത്തോടുള്ള ബഹുമാനം കാരണം കൂടുതല്‍ പറയുന്നില്ലെന്നും അദ്ദഹം വ്യക്തമാക്കി. രാഹുല്‍ സ്വയം വഴി തെറ്റുകയാണ്. അല്ലാതെ അദ്ദേഹത്തെ ആരും തെറ്റിക്കുകയല്ല. കോണ്‍ഗ്രസിലെ അരഡസന്‍ നേതാക്കളാണ് ബി.ജെ.പിയെ വളര്‍ത്തുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കഴിവ്‌കേട് കാരണം യുവനേതാക്കളെല്ലാം ബി.ജെ.പിയിലേക്ക് പോകുകയാണ്. എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി.ജെ.പിയിലേക്ക് പോയത് നിര്‍ഭാഗ്യകരമാണ്. രാഹുലിനെ ലോകസഭയില്‍ അയോഗ്യനാക്കിയപ്പോള്‍ ഒരു കൊതുകു പോലും കരഞ്ഞില്ല. അധികാരത്തില്‍ തിരിച്ചു വരണമെന്ന യാതൊരു ആഗ്രഹവും കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.