ന്യൂദല്‍ഹി- രാജ്യത്തെ മുസ്ലിംകളുടെ വിശ്വാസമാര്‍ജിക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാരിന് ഇനിയുമേറെ ചെയ്യാനുണ്ടെന്ന് ബിജെപി നേതാവും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി. കഴിഞ്ഞ 70 വര്‍ഷത്തോളമായി മുസ്ലിംകളുടെ മനസ്സ് വിഷലിപ്തമാക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2019-ലെ പൊതുതെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബിജെപി സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതികളെ കുറിച്ചും വികസനത്തെക്കുറിച്ചും മുത്തലാഖ് പോലുള്ളവയ്‌ക്കെതിരായ നടപടികളെ കുറിച്ചും മുസ്ലിംകളെ ഓര്‍മ്മിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മുത്തലാഖ് ഇരകള്‍ക്കെന്ന പേരില്‍ ഈയിടെ നഖ്‌വി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു.
ഏഴുപതിറ്റാണ്ടു കാലത്തോളം വിഷലിപ്തമാക്കപ്പെട്ട മുസ്ലിംകളുടെ മനസ്സില്‍ ഇടം ലഭിക്കണമെങ്കില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ പുതു തലമുറ, സ്ത്രീകള്‍ ബിജെപിയുടെ ഗുണങ്ങളും പോരായ്മകളും വിലയിരുത്തുന്നത് നല്ല കാര്യമായാണ് കാണുന്നത്. ഇതൊരു അനുകൂല ഘടകമാണ്, അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും കരുതുന്നത് മുസ്ലിംകള്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ അവര്‍ക്ക് വോട്ടു ചെയ്യുമെന്നാണ്. അതുകൊണ്ട് തന്നെ അവര്‍ വികസനത്തിലും ശാക്തീകരണത്തിലും ഒരിക്കലും ശ്രദ്ധപതിപ്പിച്ചിട്ടില്ലെന്നും നഖ്‌വി പറഞ്ഞു. ബിജെപി ആത്മാര്‍ത്ഥമായാണ് സമുദായ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.