- പ്രതി വന്നത് സമ്പർക്ക് ക്രാന്തി എക്‌സ്പ്രസിൽ
- കുറ്റകൃത്യം നടത്തുന്നതിലുള്ള പ്രതിയുടെ പരിശീലനക്കുറവ് അപകട വ്യാപ്തി കുറച്ചുവെന്നും വിലയിരുത്തൽ
കോഴിക്കോട് / ന്യൂഡൽഹി - കോഴിക്കോട് എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യപ്രതി ഡൽഹി ഷഹീൻബാഗ് സ്വദേശി ഷാരൂഖ് സെയ്ഫി കേരളത്തിൽ എത്തിയ ട്രെയിൻ, പെട്രോൾ വാങ്ങിയ പമ്പ്, കുറ്റകൃത്യം നടത്തിയത്, റെയിൽ പാളത്തിൽനിന്ന് കണ്ടെത്തിയ ബാഗ് അടക്കമുള്ള വസ്തുക്കൾ തെളിഞ്ഞുവെങ്കിലും പ്രതിക്കു പിന്നിൽ പ്രവർത്തിച്ച ബുദ്ധി ആരുടേത് എന്നതിൽ തല പുകച്ച് അന്വേഷണ കേന്ദ്രങ്ങൾ.
കൃത്യമായ ആസൂത്രണത്തോടെയാണ് സംഭവങ്ങളെല്ലാം നടന്നതെന്നിരിക്കെ, യാതൊരു പരിചയവുമില്ലാത്ത ഒരു സ്ഥലത്ത് വന്ന് വലിയൊരു ദുരന്തത്തിന് തീ വിതയ്ക്കാൻ പ്രതിയെ പ്രേരിപ്പിച്ച വികാരവും അതിന് പിന്നിൽ പ്രവർത്തിച്ചതും ആരാണെന്നതിൽ ഇപ്പോഴും വ്യക്തതയായിട്ടില്ല.
പ്രതി കേരളത്തിലെത്തിയത് സമ്പർക്ക് കാന്തി എക്‌സ്പ്രസിലാണെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ വഴി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലേക്ക് വരാനിടയാക്കിയ സാഹചര്യം, ബന്ധം എന്നിവയിൽ പോലീസ് വിവിധ തലങ്ങളിൽ അന്വേഷണം തുടരുകയാണ്.
മാർച്ച് 31ന് ഷഹീൻബാഗിലെ വീട് വിട്ട ഷാരൂഖ് സെയ്ഫി ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് കേരളത്തിലേക്കുള്ള ട്രെയിനിൽ യാത്ര തുടങ്ങിയത്. ചണ്ഡിഗഡിൽ നിന്ന് കൊച്ചുവേളിക്ക് എത്തുന്ന സമ്പർക്ക് ക്രാന്തി ട്രെയിനിലായിരുന്നു യാത്ര. തുടർന്ന് രണ്ടിന് പുലർച്ചെയാണ് കേരളത്തിൽ എത്തിയത്.
പ്രതി ട്രെയിനിന് തീ കൊളുത്താൻ പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ നിന്ന് കുറച്ചകലെയുള്ള പമ്പിൽ നിന്നാണ് പെട്രോൾ വാങ്ങിയത്. ഓട്ടോയിൽ വന്ന് അതിൽ തന്നെ തിരികെ പോയതായാണ് പമ്പ് ജീവനക്കാർ പറഞ്ഞത്. ഞായർ വൈകീട്ട് ആറിനും ഏഴിനും ഇടയിലാണ് എത്തിയതെന്നും നൂറുകണക്കിന് ആളുകൾ വന്നുപോകുന്നതിനാൽ പെട്രോൾ വാങ്ങിയപ്പോൾ സംശയം തോന്നിയില്ലെന്നുമാണ് പമ്പ് ജീവനക്കാർ മൊഴി നൽകിയതെന്നാണ് വിവരം.
എന്തായാലും, തീർത്തും പരിചിതമല്ലാത്ത ഒരു സ്ഥലത്തുവന്ന് ഇത്തരമൊരു കൊടും കുറ്റകൃത്യം നടത്തണമെങ്കിൽ അതിന് പിന്നിൽ കൃത്യമായ ലക്ഷ്യമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമാനം. താൻ ഒറ്റയ്ക്കാണിതെല്ലാം ചെയ്തതെന്ന പ്രതിയുടെ മൊഴി സംസ്ഥാന പോലീസ്, എൻ.ഐ.എ, എ.ടി.എസ്, ഐ.ബി, റെയിൽവേ പോലീസ് തുടങ്ങി അന്വേഷണ ഉദ്യോഗസ്ഥരൊന്നും മുഖവിലക്കെടുത്തിട്ടില്ല. പ്രത്യേകിച്ചും പരസഹായമോ പ്രേരണയോ വാഗ്ദനങ്ങളോ ഇല്ലാതെ ഒരു പ്രതി ഇത്തരമൊരു കൃത്യം നടത്തില്ലെന്നാണ് കരുതുന്നത്. ആ ഒരു പ്രേരക ശക്തി ആരാണ്, എന്താണ്? എന്നത് ചുരുളഴിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. പ്രതിയുടെ രണ്ടുവർഷം മുമ്പ് വരെയുള്ള ഫോണുകളും ചാറ്റുകളുമെല്ലാം തപ്പിയെടുത്തും ബന്ധുക്കളിലും സൗഹൃദങ്ങളിലും മറ്റുമെല്ലാമുള്ള വിവരങ്ങൾ ശേഖരിച്ച് കുറ്റമറ്റ രീതിയിൽ കേസിന് തുമ്പുണ്ടാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.
അതേസമയം, കുറ്റകൃത്യം നടത്തുന്നതിലുള്ള പ്രതിയുടെ പരിശീലനക്കുറവാണ് ദുരന്തത്തിന്റെ അപകട വ്യാപ്തി കുറച്ചതെന്നും കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ആക്രമണശേഷമുള്ള പ്രതിയുടെ രക്ഷപ്പെടലും കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിപ്പിച്ചതായാണ് വിവരം.