Sorry, you need to enable JavaScript to visit this website.

പാണത്തൂർ കൊലപാതകം: ഭാര്യയും മകനും അറസ്റ്റിൽ; ഭർത്താവിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ആളില്ല 

പാണത്തൂർ ( കാസർകോട് )- പനത്തടി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ പുത്തൂരടുക്കം പനച്ചിക്കാട് വീട്ടിൽ പി.വി ബാബു (65)വിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് പ്രതിചേർത്ത ഭാര്യ സീമന്തിനി (48) മൂത്തമകൻ സബിൻ ബാബു ( 19) എന്നിവരെ രാജപുരം ഇൻസ്പെക്ടർ കൃഷ്ണൻ, എസ്.ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച രാത്രി എട്ടുമണിയോടെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കും. കാസർകോട് ഗവ. കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ് സബിൻ. സീമന്തിനിയെ വെള്ളിയാഴ്ച കേസിൽ പ്രതി ചേർത്തിരുന്നു. ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്തതിന് ശേഷമാണ് മകനെ പ്രതിചേർത്തത്. അതിക്രൂരമായി കൊലചെയ്യപ്പെട്ട ബാബുവിന്റെ ശരീരത്തിൽ  വെട്ടും കുത്തുമേറ്റ് 13 ൽ കൂടുതൽ മാരകമായ മുറിവേറ്റിരുന്നു. തലയുടെ മൂർദ്ധാവിലും ചെവിയോട് ചേർന്നും മാരകമായ വെട്ടുണ്ട്. അടിയും ചവിട്ടുമേറ്റ് നാല് വാരിയെല്ലുകൾ പൊട്ടി ഹൃദയത്തിൽ തറച്ചിരുന്നു. ഇടതുകാലിന് മുട്ടിനും കാൽപാദത്തിനിടയിലും മൂന്നോളം വെട്ടുകളുണ്ട്. തലക്കേറ്റ മുറിവിൽ നിന്നും വാരിയെല്ലുകൾ പൊട്ടുകയും ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്തതിനെ തുടർന്നാണ് ബാബുവിന്റെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോർട്ടം ചെയ്ത പൊലീസ് സർജൻ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നൽകയത്. വെള്ളിയാഴ്ച സംഭവസ്ഥലത്ത് നിന്നും പരിക്കുകളോടെ കസ്റ്റഡിയിൽ എടുത്തിരുന്ന ബാബുവിന്റെ ഭാര്യ സീമന്തിനി താൻ ഒറ്റക്കാണ് ചെയ്തതെന്ന് പൊലിസിനോട് പറഞ്ഞിരുന്നു. സത്യം മറച്ചുവെച്ച് മകനെ രക്ഷിക്കാൻ വേണ്ടിയാണ് അമ്മ ശ്രമിച്ചത്, എന്നാൽ സി ഐ കൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മകന്റെ സഹായമില്ലാതെ ബാബുവിനെ ഇത്ര ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്താൻ കഴിയില്ലെന്ന് തെളിഞ്ഞതിനെ തുടർന്നാണ് മകനെ കൂടി പ്രതിചേർത്തത്. ഭാര്യയും ഭർത്താവും തമ്മിൽ രാവിലെ ഏഴ് മണി മുതൽ ബഹളം തുടങ്ങിയിരുന്നു. വിവാഹ ബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് എത്തിയ ബാബു അരയിൽ നിന്ന് കത്തിയെടുത്ത് ഭാര്യയുടെ കൈക്ക് വെട്ടി. ഇതുകണ്ട മകൻ അകത്തെ മുറിയിൽ നിന്ന് ചാടിയെത്തി ബാബുവിനെ അക്രമിക്കുകയായിരുന്നു. നിലത്തുവീണ ബാബുവിനെ ഇരുവരും ചേർന്ന് മൽപ്പിടുത്തം നടത്തിയും ചവിട്ടിയും കല്ലെടുത്ത് ഇടിച്ചും മൂർച്ഛയേറിയ ആയുധം കൊണ്ടുമാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം വസ്ത്രങ്ങൾ മാറിയ അമ്മയും മകനും രക്തക്കറ മുഴുവൻ തുടച്ചുകളഞ്ഞ ശേഷം പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തു. രക്തം പുരണ്ട വസ്ത്രങ്ങളും തുടച്ച തുണിയും അലക്കാൻ ഇട്ട വസ്ത്രങ്ങളിൽ ഒളിപ്പിച്ചു തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചിരുന്നു. ബാബുവിനെ വെട്ടിയ മൂർച്ചയേറിയ ആയുധം കണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിലും കത്തി. വടി, വസ്ത്രങ്ങൾ തുടങ്ങിയവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സി ഐയും സംഘവും ശനിയാഴ്ച വൈകുന്നേരം സംഭവം നടന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. 

ബാബുവിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ആളില്ല 
പാണത്തൂരിൽ കൊല്ലപ്പെട്ട പി വി ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഏറ്റുവാങ്ങാൻ ബന്ധുക്കളാരും എത്തിയില്ല. ഏറ്റുവാങ്ങാൻ ആരും എത്താതിരുന്നതിനെ തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. പാണത്തൂരിൽ ബാബുവിന് ബന്ധുക്കളാരുമില്ലെന്ന് പറയുന്നു. വയനാട് സ്വദേശിയായ ബാബു വർഷങ്ങൾക്ക് മുമ്പ് പാണത്തൂരിൽ എത്തി സീമന്തിനിയെ വിവാഹം ചെയ്ത് താമസം തുടങ്ങിയതാണ്. ഇരുവരും വിത്യസ്ത മതവിഭാഗക്കാരാണ്. ഇവർ താമസിക്കുന്ന പുത്തൂരടുക്കം എന്ന സ്ഥലത്ത് സീമന്തിനിയുടെ ബന്ധുക്കളും നാട്ടുകാരുമാണ് താമസിക്കുന്നത്. ഈ നാട്ടിലുള്ള ആരും ബാബുവിന്റെ മൃതദേഹം കൊണ്ടുവരാൻ പോയിരുന്നില്ല. മൂന്ന് ദിവസം മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം ബന്ധുക്കൾ ആരും എത്തിയില്ലെങ്കിൽ പോലീസ് തന്നെ മറവ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും. 

Latest News