കേന്ദ്രപാറ(ഒഡീഷ)- സൈബർ ഇടപാടിലൂടെ ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന് സമ്മതിച്ചതിന് തൊട്ടുപിന്നാലെ ഭാര്യയെ മുത്തലാഖ് ചെയ്ത സംഭവത്തിൽ 45 കാരനായ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. ഒഡീഷ പോലീസാണ് കേസ് എടുത്തത്. കേന്ദ്രപാര ജില്ലയിലെ 32 കാരിയായ യുവതിയാണ് തനിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഗുജറാത്തിലുള്ള ഭർത്താവിനെ ഫോണിലൂടെ അറിയിച്ചത്. ഇതോടെ ഭാര്യയെ മുത്തലാഖ് ചൊല്ലിയതായി ഭർത്താവ് അറിയിക്കുകയായിരുന്നു. ഇതോടെ യുവതി പോലീസിൽ പരാതി നൽകി. തുടർന്നാണ് പോലീസ് കേസെടുത്തത്. 2017 മുതൽ 'മുത്തലാഖ്' എന്ന ആചാരം ഇന്ത്യയിൽ നിയമവിരുദ്ധമാണ്. കൗമാരക്കാരായ മൂന്ന് കുട്ടികളുടെ അമ്മയാണ് യുവതി. മുസ്ലീം സ്ത്രീകളുടെ (വിവാഹാവകാശ സംരക്ഷണം) നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തതെന്ന് കേന്ദ്രപാറ സദർ പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ സരോജ് കുമാർ സാഹു പറഞ്ഞു.
ഈ നിയമം തൽക്ഷണ മുത്തലാഖ് സമ്പ്രദായം നിരോധിക്കുകയും മൂന്ന് വർഷം വരെ തടവ് വിധിക്കുകയും ചെയ്യും. സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനത്തിനും താൻ വിധേയയായതായി പരാതിക്കാരി പറഞ്ഞതിനാൽ ഐ.പി.സിയിലെയും സ്ത്രീധന നിരോധന നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്-സാഹു പറഞ്ഞു.