Sorry, you need to enable JavaScript to visit this website.

സൈബര്‍ ആക്രമണം കോണ്‍ഗ്രസിന്റെ രീതിയല്ല, അനിലിന്റെ കൂറുമാറ്റത്തില്‍ കെ. മുരളീധരന്‍

കോഴിക്കോട്- അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നത് സി.പി.എമ്മിന് കരുത്തായെന്ന് കെ. മുരളീധരന്‍. അനിലിന്റെ ബി.ജെ.പി പ്രവേശം കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിക്കില്ല. കാരണം, അദ്ദേഹം അടിത്തട്ടില്‍ പ്രവര്‍ത്തിച്ചിട്ടില്ല. സി.പി.എമ്മാണ് ഇതുകൊണ്ട് നേട്ടമുണ്ടാക്കാന്‍ പോകുന്നത്. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി.ജെ.പി എന്ന പ്രചാരണം മാര്‍ക്‌സിറ്റ് പാര്‍ട്ടി നടത്തുന്നു. ന്യൂനപക്ഷ വിഭാഗത്തെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റാനുള്ള ആയുധമായാണ് സി.പി.എം. ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൈബര്‍ അറ്റാക്ക് അനില്‍ ആന്റണിയുടെ രാഷ്ട്രീയ മാറ്റത്തിന് കാരണമായെന്ന് അജിത് ആന്റണി പറഞ്ഞതില്‍ വസ്തുത ഉണ്ട്. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുള്ളവരെ അടച്ചാക്ഷേപിക്കുന്ന രീതി കോണ്‍ഗ്രസിലെ ചിലര്‍ കാണിക്കുന്നു. ഇങ്ങനെ ഒരു പാരമ്പര്യം കോണ്‍ഗ്രസിനില്ല. അവര്‍ കോണ്‍ഗ്രസിന്റെ നന്മ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസ് നശിച്ചാലും വേണ്ടില്ല താന്‍ ആരുടെ പെട്ടി പിടിക്കുന്നോ ആ നേതാവ് മാത്രം പ്രൊജക്ട് ചെയ്യപ്പെടണം എന്ന ദുഷ്ടലാക്ക് ചിലര്‍ക്കുണ്ട്. ഇത് വെച്ച് പൊറുപ്പിക്കാനാവില്ല. ഇങ്ങനെയുള്ള സൈബര്‍ നേതാക്കന്മാരെ നിലയ്ക്കുനിര്‍ത്തണം. ഇഷ്ടപ്പെട്ടവരെ വാഴ്ത്തിപ്പാടാം, പക്ഷെ ഇഷ്ടമില്ലാത്തവരെ ഇകഴ്ത്തുന്ന രീതി ശരിയല്ല-കെ. മുരളീധരന്‍ വ്യക്തമാക്കി.

എലത്തൂര്‍ തീവണ്ടി തീവെപ്പു കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്ന് മുരളീധരന്‍ പറഞ്ഞു. എന്നാല്‍, ആഭ്യന്തരവകുപ്പിന്റെ വീഴ്ച പുറത്തുകൊണ്ടുവരുന്നതിന് പകരം സംഘടനയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളായിരുന്നു കോണ്‍ഗ്രസിലെ വലിയ ചര്‍ച്ചയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

 

 

Latest News