ന്യൂദല്‍ഹി- ദല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ ഒരാഴ്ചയായി സമരത്തിലിരിക്കുന്നതിനാല്‍ ഗവര്‍ണര്‍ അനില്‍ ബൈജല്‍ ഇപ്പോള്‍ ജോലി ചെയ്യുന്നില്ലെന്ന് സംവിധായകന്‍ ശിരിശ് കുന്ദറിന്റെ തമാശ ട്വീറ്റ് ട്വിറ്ററിലാകെ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ എന്നതിന്റെ ചുരുക്കെഴുത്തായ 'എല്‍ജി' എന്ന പേര് ഉപയോഗിച്ച് തമാശ പറഞ്ഞതാണ് ബഹുരാഷ്ട്ര ഇലക്ടോണിക്‌സ് ഉപകരണ നിര്‍മ്മാണ കമ്പനിയായ എല്‍ജിയെ അബദ്ധത്തിലാക്കിയത്.
എല്‍ജി ഇന്ത്യ എന്ന കമ്പനിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡ്‌ലിനെ ടാഗ് ചെയ്ത് 'ദല്‍ഹിയില്‍ സര്‍വീസ് സെന്റര്‍ ഇ്‌ല്ലെ? ഇവിടെ എല്‍ജി വര്‍ക്ക് ചെയ്യുന്നില്ല, മറ്റുള്ളവരെ വര്‍ക്ക് ചെയ്യാനും അനുവദിക്കുന്നില്ല' എന്നായിരുന്നു കുന്ദറിന്റെ തമാശ ട്വീറ്റ്. എന്നാല്‍ തമാശ തിരിച്ചറിയാതെ എല്‍ജി ഇതു ഗൗരവത്തിലെടുക്കുകയും താങ്കളെ ഉടന്‍ സഹായിക്കാമെന്ന് കുന്ദറിനോട് ട്വീറ്റിലൂടെ മറുപടി നല്‍കുകയും ചെയ്തതാണ് ചിരിക്കിടയാക്കിയത്. കുന്ദര്‍ ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ചിരി നിന്നിട്ടില്ല. താങ്കള്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദമുണ്ടെന്നും കോണ്ടാക്ട് വിവരങ്ങള്‍ നേരിട്ടു നല്‍കിയാല്‍ ഉടന്‍ തന്നെ ഞങ്ങല്‍ക്ക് താങ്കളെ സഹായിക്കാന്‍ കഴിയുമെന്നും മാന്യതയില്‍ ഒരു പടി കൂടി കടന്ന് എല്‍ജി ഇന്ത്യ മറുപടി പറഞ്ഞു. ട്വിറ്ററാറ്റികളാണ് എല്‍ജിക്കു പിണഞ്ഞ ഈ അമളി ആഘോഷിച്ചത്.