Sorry, you need to enable JavaScript to visit this website.

ഏഴാം വര്‍ഷവും മുണ്ടയ്ക്കല്‍ പുവര്‍ ഹോമിന് എം.എ യൂസഫലിയുടെ ധനസഹായം

കൊല്ലം - തുടര്‍ച്ചയായ ഏഴാം വര്‍ഷവും കൊല്ലം മുണ്ടയ്ക്കല്‍ പുവര്‍ ഹോമിലെ അമ്മമാര്‍ക്കും മറ്റ് അന്തേവാസികള്‍ക്കും എം.എ യൂസഫലിയുടെ കരുതലെത്തി. 25 ലക്ഷം രൂപയുടെ ധനസഹായമാണ് അഗതിമന്ദിരത്തിലെ അശരണരായ അന്തേവാസികളെ തേടിയെത്തിയത്.
പുവര്‍ഹോമിലെ അന്തേവാസികളുടെ ഭക്ഷണത്തിനും, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും, പുതിയ കിടക്കകള്‍, ശുചിമുറികള്‍, ചികിത്സാ സൗകര്യങ്ങള്‍, മാനസികോല്ലാസത്തിനുള്ള സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിനുമായി ഇതുവരെ 1.75 കോടി രൂപയുടെ ധനസഹായമാണ് യൂസഫലി കൈമാറിയത്. പുവര്‍ ഹോമിന്റെ ശോചനീയാവസ്ഥ മാധ്യമങ്ങള്‍ വഴി അറിയാനിടയായതിന് പിന്നാലെയാണ് 2017ല്‍ എം എ യൂസഫലി 25 ലക്ഷം രൂപയുടെ ആദ്യ ധനസഹായം നല്‍കുന്നത്. പിന്നീടുള്ള എല്ലാ വര്‍ഷവും സഹായം തുടര്‍ന്നു. കോവിഡ് പ്രതിസന്ധിഘട്ടത്തിലടക്കം ഇത് അഗതിമന്ദിരത്തിന് വലിയ ആശ്വാസമാവുകയും ചെയ്തു. നിലവില്‍ സ്ത്രീകളും പുരുഷന്മാരുമടക്കം 105 അന്തേവാസികളാണ് പുവര്‍ ഹോമിലുള്ളത്. എം എ യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, ലുലു മാള്‍ ജനറല്‍ മാനേജര്‍ ഷെറീഫ് കെ.കെ എന്നിവര്‍ ചേര്‍ന്നാണ് പുവര്‍ ഹോം സെക്രട്ടറി ഡോ.ഡി.ശ്രീകുമാറിന് 25 ലക്ഷം രൂപയുടെ ഡിഡി കൈമാറിയത്. ലുലു ഗ്രൂപ്പ് പബ്ലിക് റിലേഷന്‍സ് മാനേജര്‍ സൂരജ് അനന്തകൃഷ്ണന്‍, തിരുവനന്തപുരം ലുലു മാള്‍ മീഡിയ കോര്‍ഡിനേറ്റര്‍ മിഥുന്‍ സുരേന്ദ്രന്‍, പുവര്‍ഹോം മാനേജിംഗ് കമ്മിറ്റി അംഗവും കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ജയന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ സജീവ് സോമന്‍, മാനേജിംഗ് കമ്മിറ്റി അംഗം സുരേഷ് ബാബു, പുവര്‍ ഹോം സൂപ്രണ്ട് കെ. വല്‍സലന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Latest News