Sorry, you need to enable JavaScript to visit this website.

മുസ്ലിം വോട്ടർമാരെ ലക്ഷ്യമിട്ട് ഖവാലി സംഘടിപ്പിക്കാൻ യു.പിയിൽ ബി.ജെ.പി

ന്യൂദൽഹി- 2024ലെ ദേശീയ തെരഞ്ഞെടുപ്പിൽ യു.പിയിലെ മുസ്ലിം വോട്ടർമാരെ ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി ബി.ജെ.പി. മുസ്ലിം വോട്ടർമാരെ ആകർഷിക്കാൻ ഖവാലി നടത്താനാണ് ബി.ജെ.പി പദ്ധതി. ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി 'സൂഫി സംവാദ് മഹാ അഭിയാൻ' എന്ന് വിളിക്കുന്ന പ്രചാരണത്തിൽ യു.പിയിലെ മുസ്ലിം ബുദ്ധിജീവികളുമായും പൊതുജനങ്ങളുമായും പാർട്ടി ചർച്ച നടത്തുമെന്ന് യു.പി ന്യൂനപക്ഷ കാര്യ അംഗം സയ്യിദ് എഹ്‌തേഷാം ഉൽ ഹുദ പറഞ്ഞു. ബി.ജെ.പിയിലെ മുസ്ലിം നേതാക്കൾ ദർഗകൾ സന്ദർശിക്കുകയും ഖവാലി പ്രകടനങ്ങൾ സംഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ഇതിന് പുറമെ, ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ ചെയ്ത പ്രവർത്തനങ്ങളുടെ പ്രചാരണവും നടത്തും. ബി.ജെ.പി ന്യൂനപക്ഷ സെൽ രാജ്യത്തുടനീളം സൂഫി ഡയലോഗ് കാമ്പയിൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സൂഫി ആരാധനാലയങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന മുസ്‌ലിംകൾക്ക് ഖവാലി പ്രകടനങ്ങൾ ആസ്വദിക്കാനും ബി.ജെ.പി സർക്കാരിന്റെ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ നേടാനും കഴിയും. യു.പിയിലെ സിവിൽ തെരഞ്ഞെടുപ്പിന് ശേഷം എല്ലാ നഗരങ്ങളിലെയും പ്രധാന ദർഗകളിൽ ഈ പ്രചാരണം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി യു.പിയിലെ ബി.ജെ.പി ന്യൂനപക്ഷ സെല്ലിന്റെ ഓഫീസിൽ നിന്ന് സൂഫി ആരാധനാലയങ്ങളുടെയും ഖാദിമുകളുടെയും പട്ടിക ആവശ്യപ്പെട്ടിട്ടുണ്ട്. സൂഫി ദർഗകളിലെ ഖവാലി പ്രകടനങ്ങളിൽ കേന്ദ്ര ബി.ജെ.പി നേതാക്കളും പങ്കെടുക്കുമെന്ന് ഹുദ പറഞ്ഞു.

മുസ്ലിം ജാട്ട്, മുസ്ലീം രാജ്പുത്, മുസ്ലീം ഗുർജാർ, മുസ്ലീം ത്യാഗി സമുദായങ്ങൾക്ക് പടിഞ്ഞാറൻ യുപിയിൽ ഗണ്യമായ വോട്ടർമാരുണ്ട്. 'ഏതാണ്ട് എല്ലാ പടിഞ്ഞാറൻ യുപി ലോക്‌സഭാ മണ്ഡലങ്ങളിലും അവരുടെ ജനസംഖ്യ ശരാശരി 2.5 ലക്ഷമാണ്-യു.പി ബി.ജെ.പി ന്യൂനപക്ഷ സെൽ മേധാവി കുൻവർ ബാസിത് അലി  പറഞ്ഞു.

Latest News