ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിന്റെ നയരൂപീകരണ സ്ഥാപനമായ നിതി ആയോഗിന്റെ സുപ്രധാന നാലാം യോഗം ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ഇന്നു തുടങ്ങി. കേന്ദ്ര സര്‍ക്കാരിന്റെ കൊട്ടിഘോഷിച്ച പദ്ധതികള്‍ അടക്കമുള്ള സുപ്രധാന നയപരിപാടികള്‍ ചര്‍ച്ചയാകുന്ന യോഗത്തില്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. അതേസമയം, ദല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ വസതിയില്‍ നടത്തി വരുന്ന സമരം ഈ യോഗത്തിന് മങ്ങലേല്‍പ്പിച്ചേക്കും. നിതി ആയോഗ് യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു എന്നിവര്‍ കെജ് രിവാളിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതൊരു ഭരണഘടനാ പ്രതിസന്ധിയാണെന്നും പ്രധാനമന്ത്രിയെ കണ്ട് ഇതു ധരിപ്പിക്കുമെന്നും പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെടുമെന്നും ഇവര്‍ പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം കെജ്രിവാളിനെ സന്ദര്‍ശിക്കാന്‍ ഈ നാലു മുഖ്യമന്ത്രിമാരെ അനുവദിച്ചിരുന്നില്ല. ദല്‍ഹി ഭരണം സ്തംഭിപ്പിക്കുന്ന ബിജെപി നേതൃത്വത്തിലുളള കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തിലുള്ള കെജ്രിവാള്‍ നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുന്നില്ല. ദല്‍ഹിയില്‍ ഉദ്യോഗസ്ഥര്‍ ഭരണം സ്തംഭിപ്പിക്കുകയാണെന്നും ഗവര്‍ണര്‍ ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടും ഒരാഴ്ചയായി കെജ്രിവാളും ദല്‍ഹിയിലെ മൂന്നു മന്ത്രിമാരും ഗവര്‍ണറുടെ വീട്ടില്‍ സമരത്തിലാണ്.
പ്രധാനമന്ത്രിയുടെ ഓഫീസാണ് ഉദ്യോഗസ്ഥരെ ഭരണം സ്തംഭിപ്പിക്കാന്‍ പിന്തുണയ്ക്കുന്നതെന്നും കെജ്രിവാള്‍ ആരോപിക്കുന്നു. പിന്തുണയുമായി എത്തിയ മുഖ്യമന്ത്രിമാര്‍ക്കൊപ്പം ചേര്‍ന്ന് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.
കര്‍ണാടക, യുപി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തിരിച്ചടിയായ പ്രതിപക്ഷ ഐക്യത്തിന്റെ മറ്റൊരു പ്രകടനമായി മുഖ്യമന്ത്രിമാരുടെ നീക്കം മാറായിരിക്കുകയാണ്. ബിജെപിക്കെതിരെ ശക്തമായി രംഗത്തുളള മുഖ്യമന്ത്രിമാരാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രംഗത്തു വന്നിട്ടുള്ളത്. ഇവര്‍ പ്രധാനമന്ത്രിയെ കണ്ട് ഈ വിഷയം ഉന്നയിക്കുമോ എന്നു മാത്രമാണ് ഇനി അറിയാനുള്ളത്.