Sorry, you need to enable JavaScript to visit this website.

ജെ.പി.സി വിഷയം പ്രതിപക്ഷ ഐക്യവുമായി ബന്ധിപ്പിക്കേണ്ട; വിലക്കയറ്റവും കർഷകപ്രശ്‌നങ്ങളും ഉയരണമെന്ന് പവാർ

മുംബൈ - അദാനി വിഷയത്തിൽ സംയുക്ത പാർല്ലമെന്ററി (ജെ.പി.സി) അന്വേഷണം വേണ്ടെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ. സുപ്രീം കോടതി മേൽനോട്ടത്തിലുള്ള സമിതി ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. അത് വിശ്വസനീയവും പക്ഷപാതരഹിതവുമാണെന്നും അദ്ദേഹം പറഞ്ഞു. അദാനി വിഷയത്തിൽ പ്രതിപക്ഷത്തെ ഞെട്ടച്ച് വ്യത്യസ്ത നിലപാടെടുത്ത അഭിമുഖത്തിനു പിന്നാലെയാണ് പവാറിന്റെ വിശദീകരണം.
  ജെ.പി.സിക്ക് ഒരു ഘടനയുണ്ട്. അതിൽ 21 അംഗങ്ങൾ ഉണ്ടെങ്കിൽ 15 പേരും സർക്കാർ ഭാഗത്തുനിന്നാവും. അതുകൊണ്ടുതന്നെ സർക്കാർ പക്ഷം പറയുന്നതാവും ജെ.പി.സി റിപ്പോർട്ട്. ജെ.പി.സിയേക്കാൾ എന്തുകൊണ്ടും നല്ലത് സുപ്രീം കോടതി സമിതിയുടെ അന്വേഷണമാണ്. 
 പ്രതിപക്ഷ ഐക്യവും ജെ.പി.സി അന്വേഷണവും തമ്മിൽ ബന്ധിപ്പിക്കേണ്ടെന്നും അദ്ദേഹം ചോദ്യങ്ങളോടായി പ്രതികരിച്ചു. ഒരു വിദേശ കമ്പനിയുടെ റിപ്പോർട്ടിന് എന്തുമാത്രം പ്രസക്തിയുണ്ടെന്ന് ഓരോരുത്തരും ചിന്തിക്കേണ്ട കാര്യമാണ്. ഹിൻഡൻബർഗിനെ തനിക്ക് അറിയില്ല. രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ ഒരു വിദേശ കമ്പനി പറയുന്നതിൽ എന്തു പ്രസക്തിയുണ്ടെന്ന് ചിന്തിക്കണം. സുപ്രീം കോടതി സമിതിയുടെ അന്വേഷണം നടക്കട്ടെ. 
 അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിനു പിന്നാലെ പോവാതെ വിലക്കയറ്റവും കർഷകപ്രശ്‌നങ്ങളും പോലെയുള്ള വിഷയങ്ങൾ ഉയർത്തുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. സർക്കാരിനെ വിമർശിക്കാൻ അംബാനിയുടെയും അദാനിയുടെയുമൊക്കെ പേര് ഉപയോഗിക്കുകയാണ്. എന്നാൽ രാജ്യത്തിന് അവർ നൽകിയ സംഭാവനകളും ഓർക്കണമെന്ന് പവാർ പറഞ്ഞു. വിലക്കയറ്റം, കർഷക പ്രശ്‌നങ്ങൾ തുടങ്ങി പ്രതിപക്ഷം ഉയർത്തേണ്ട ഒരുപാട് വിഷയങ്ങളുണ്ടെന്നും പവാർ ഓർമിപ്പിച്ചു.
 

Latest News