ന്യൂദൽഹി-അദാനി ഗ്രൂപ്പിനെതിരെ അമേരിക്ക ആസ്ഥാനമായുള്ള ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങളിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്ന കോൺഗ്രസിന്റെ നിലപാടിനോട് പരസ്യമായ എതിർപ്പുമായി എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ രംഗത്തെത്തിയതോടെ പ്രകടമാകുന്നത് പ്രതിപക്ഷ നിരയിലെ വിള്ളൽ. പാർലമെന്റിൽ വിഷയത്തിന് അനാവശ്യ പ്രാധാന്യമാണ് നൽകുന്നതെന്ന പവാറിന്റെ ആരോപണം പ്രതിപക്ഷത്തിന്റെ തുടർനീക്കങ്ങളെ പോലും ദുർബലപ്പെടുത്തിയേക്കും. അദാനി വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിലടക്കം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് കോൺഗ്രസിന്റെ സഖ്യകക്ഷിയായ എൻ.സി.പിയുടെ നിലപാടുമാറ്റം. ആ വിഷയത്തിന് അമിത പ്രാധാന്യമാണ് നൽകിയത്. അദാനിക്ക് എതിരെ റിപ്പോർട്ടു പുറത്തുകൊണ്ടുവന്ന ഹിൻഡൻബർഗിനെ പറ്റി ഇതേവരെ കേട്ടിട്ട് പോലുമില്ല. എന്താണ് ഇത്തരക്കാരുടെ പശ്ചാത്തലം. അവർ ചില വിഷയങ്ങൾ ഉന്നയിച്ചതോടെ രാജ്യത്താകെ ഒച്ചപ്പാടുണ്ടായി. അത് നമ്മുടെ സമ്പദ് വ്യവസ്ഥയെയാണു ബാധിച്ചത്. ഈ കാര്യങ്ങൾ ഒന്നും നമുക്ക് അവഗണിക്കാനാവില്ല. ഇത് പ്രത്യേക ലക്ഷ്യം വച്ചുള്ളതാണ്. രാജ്യത്തെ ഒരു വ്യക്തിഗത വ്യാവസായിക ഗ്രൂപ്പിനെയാണ് ലക്ഷ്യമിട്ടത്. അവർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അന്വേഷണം വേണം. പാർലമെന്റിൽ ജെ.പി.സി അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ തനിക്ക് വ്യത്യസ്തമായ നിലപാടാണുള്ളതെന്നുമാണ് പവാർ വ്യക്തമാക്കുന്നത്.
ജെ.പി.സി വേണമെന്ന ആവശ്യം തെറ്റല്ല. നേരത്തെ നിരവധി പ്രശ്‌നങ്ങളിൽ ജെ.പി.സി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം പാർലമെന്റ് സമിതിയെ നിയോഗിച്ചാൽ അതിന്റെ മേൽനോട്ടം ഭരണകക്ഷിക്കായിരിക്കും. അപ്പോൾ എങ്ങനെയാണ് ഭരിക്കുന്ന പാർട്ടിക്കെതിരായ ആരോപണങ്ങളിൽ സത്യം പുറത്തുവരിക. ജെ.പി.സി ആരംഭിച്ചുകഴിഞ്ഞാൽ അതിന്റെ നടപടിക്രമങ്ങൾ ദിവസേന മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടാം എന്നതാകാം കോൺഗ്രസിന്റെ മുന്നിലുളളത്. മൂന്നോ നാലോ മാസത്തേക്ക് പ്രശ്‌നം രൂക്ഷമാകണമെന്ന് ആരെങ്കിലും ആഗ്രഹിച്ചിരിക്കാം. പക്ഷേ സത്യം ഒരിക്കലും പുറത്തുവരില്ല. രാജ്യത്തിന് ഒട്ടനവധി കാര്യങ്ങൾ ചെയ്തിട്ടുളളവരാണ് അദാനിയും അംബാനിയും. പെട്രോകെമിക്കൽ മേഖലയിൽ അംബാനിയും വൈദ്യുതി മേഖലയിൽ അദാനിയും സംഭാവന ചെയ്തിട്ടുണ്ട്. ഇതൊന്നും രാജ്യത്തിന് ആവശ്യമില്ലേ.
അതേസമയം പവാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ബന്ധപ്പെട്ടതാണെന്നും ഇത് വളരെ ഗുരുതരമാണെന്നും കോൺഗ്രസ് പ്രതികരിച്ചു. എൻ.സി.പിക്ക് അവരുടേതായ കാഴ്ചപ്പാടുകൾ ഉണ്ടാകാം. എന്നാൽ ഒരേ ചിന്താഗതിക്കാരായ 19 പാർട്ടികളും അദാനി ഗ്രൂപ്പ് വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ബന്ധപ്പെട്ടിരിക്കുന്നെന്ന് വിശ്വസിക്കുന്നവരാണെന്നും കോൺഗ്രസ് വക്താവ് ജയ്‌റാം രമേശ് പറഞ്ഞു.