മംഗളുരു- കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ബി. ജെ.പി സ്ഥാനാര്‍ഥികളുടെ പട്ടികയായി. അടുത്ത ആഴ്ച ലിസ്റ്റ് പുറത്തുവിടുന്നതിനായി അന്തിമ രൂപം നല്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ദല്‍ഹിയിലേക്ക് പോകുന്നു. ശനിയാഴ്ച ദല്‍ഹിയില്‍ ബി.ജെ.പി കേന്ദ്ര പാര്‍ലമെന്ററി യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ദല്‍ഹിയിലേക്ക് പോകുന്നത്.
ഏപ്രില്‍ 8, 9 തീയതികളില്‍ ദല്‍ഹിയില്‍ ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത ശേഷം അംഗീകരിക്കുന്ന ലിസ്റ്റ് ഡല്‍ഹിയില്‍ തന്നെ റിലീസ് ചെയ്യുമെന്നും മുഖ്യമന്ത്രി ബൊമ്മെ പറഞ്ഞു. വെള്ളിയാഴ്ച ഹുബ്ബള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, സംസ്ഥാന തലത്തില്‍ യോഗങ്ങള്‍ നടത്തുന്നതിനൊപ്പം ജില്ലയിലെയും മണ്ഡലങ്ങളിലെയും പാര്‍ട്ടി നേതാക്കളുടെ അഭിപ്രായം ബി.ജെ.പി ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ക്ക് ഏകദേശ രൂപം നല്‍കിയിട്ടുണ്ട്. ഓരോ മണ്ഡലത്തിനും രണ്ടു മുതല്‍ മൂന്ന് വരെ പേരുകളുണ്ട്. കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് ചേര്‍ന്ന ശേഷമാണ് ലിസ്റ്റിന് അംഗീകാരം നല്‍കുക. തന്റെ അടുത്ത അനുയായിയും മുന്‍ ബി.ജെ.പി എം.എല്‍.സിയുമായ നാഗരാജ് ചബ്ബി ബി.ജെ.പി വിടാനുള്ള തീരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന്, സംഭവവികാസങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ചബ്ബി ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ബൊമ്മൈ പറഞ്ഞു.
വരുണയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യക്കെതിരെ ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന ബി.ജെ.പി നേതാവും ഭവന നിര്‍മാണ മന്ത്രിയുമായ വി സോമണ്ണയെ മത്സരിപ്പിക്കുമോ എന്ന ചോദ്യത്തിന് വരുണയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാരെന്ന് ദല്‍ഹിയില്‍ പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രമുഖ കന്നഡ സിനിമാ താരങ്ങള്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കുകയും പ്രചാരണം നടത്തുകയും ചെയ്യുന്നതില്‍ പ്രത്യേകിച്ചൊന്നുമില്ലെന്നും ജെ.ഡി.(എസ്) നേതാവ് എച്ച്.ഡി കുമാരസ്വാമിയുടെ വിമര്‍ശം തികച്ചും അനാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
1996ലെ രാമനഗര ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രചാരണത്തിന് ജെഡി(എസ്) അംബരീഷിനെ ഉപയോഗിച്ചില്ലേ, മുമ്പ് നിരവധി സിനിമാതാരങ്ങള്‍ വിവിധ പാര്‍ട്ടികള്‍ക്കുവേണ്ടി പ്രചാരണം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തോല്‍വിയില്‍ കുമാരസ്വാമിക്ക് ആശങ്കയുണ്ടെന്നും അതിനാലാണ് സിനിമാ താരങ്ങള്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനെ വിമര്‍ശിക്കുന്നതെന്നും ബൊമ്മൈ പറഞ്ഞു. ''ഞങ്ങള്‍ക്ക് വിജയത്തില്‍ ആത്മവിശ്വാസമുണ്ട്, വിമര്‍ശനങ്ങളില്‍ വിഷമിക്കുന്നില്ല,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷമായ കോണ്‍ഗ്രസിന് 60 മണ്ഡലങ്ങളില്‍ ശരിയായ സ്ഥാനാര്‍ത്ഥികളില്ലെന്ന് മുഖ്യമന്ത്രി പിന്നീട് ശിവമോഗയില്‍ പറഞ്ഞു. കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ബി.ജെ.പിയില്‍ നിന്നും ജെ.ഡി.എസില്‍ നിന്നും നേതാക്കളെ വിളിച്ച് പാര്‍ട്ടി ടിക്കറ്റ് വാഗ്ദാനം ചെയ്യുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ വ്യാജ ധീരതയാണ് കാണിക്കുന്നത്. അവര്‍ തോല്‍വിയെ ഭയപ്പെടുന്നു, ബൊമ്മെ പരിഹസിച്ചു.