ബെംഗളൂരു- കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബി. ജെ. പി സര്‍ക്കാര്‍ റദ്ദാക്കിയ മുസ്ലിംകള്‍ക്കുള്ള നാലു ശതമാനം ഒ. ബി. സി സംവരണം പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി. കെ. ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സംവരണ പ്രശ്നം റദ്ദാക്കും. ന്യൂനപക്ഷ താല്‍പര്യം സംരക്ഷിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.
മാര്‍ച്ചിലാണ് ബി. ജെ. പി സര്‍ക്കാര്‍ മുസ്‌ലിംകളുടെ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിലുണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കിയത്. പ്രസ്തുത സംവരണം വൊക്കാലിംഗകള്‍ക്കും ലിംഗായത്തുകള്‍ക്കും വീതിച്ചു നല്‍കുകയായിരുന്നു.
സങ്കീര്‍ണ്ണതകളൊന്നുമില്ലാതെ കോണ്‍ഗ്രസ് രണ്ട് പട്ടികകള്‍ പ്രഖ്യാപിച്ചുവെന്നും ബി. ജെ. പിക്ക് ഇതുവരെ പട്ടിക പ്രഖ്യാപിക്കാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 41 സ്ഥാനാര്‍ഥികളുടെ രണ്ടാം പട്ടികയാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ ഡി. കെ. ശിവകുമാറിന്റേയും പേരുകള്‍ ഉള്‍പ്പെടുന്ന 124 പേരടങ്ങുന്ന പട്ടിക കോണ്‍ഗ്രസ് മാര്‍ച്ച് 25ന് പുറത്തുവിട്ടിരുന്നു. മെയ് 10ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം 13നാണ് പുറത്തുവരിക.