Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മെസ്സി പെനാൽട്ടി പാഴാക്കി, അർജന്റീന നിരാശപ്പെടുത്തി

അർജന്റീന 1-ഐസ്‌ലന്റ് 1

മോസ്‌കൊ - ലിയണൽ മെസ്സിയുടെ അർജന്റീനക്ക് ഉറക്കമില്ലാത്ത രാവ് സമ്മാനിച്ച് കൊച്ചു ഐസ്‌ലന്റ് ഗംഭീരമായി ലോകകപ്പ് ഫുട്‌ബോളിൽ അരങ്ങേറി. ഐസ്‌ലന്റ് പിൻനിരയും മധ്യനിരയും പഴുതടച്ച് നിന്നപ്പോൾ അർജന്റീനയുടെ ലോകപ്രശസ്തരായ മുന്നേറ്റ നിരക്ക് ഗോളിലേക്ക് വഴി കണ്ടെത്താനായില്ല. അറുപത്തിനാലാം മിനിറ്റിൽ അർജന്റീനക്ക് പെനാൽട്ടി കിട്ടിയപ്പോഴാവട്ടെ മെസ്സി അത് പാഴാക്കി. ഉയരത്തിലോ നിലംപറ്റെയോ അല്ലാതെ അടിച്ച മെസ്സിയുടെ കിക്ക് മുഴുനീളം വലത്തോട്ട് ചാടി ഗോളി ഹാൻസ് ഹാൾഡോർസൻ ഇരുകൈകളും കൊണ്ട് തടഞ്ഞു. അർജന്റീനക്കും ബാഴ്‌സലോണക്കും വേണ്ടി കഴിഞ്ഞ ഏഴ് പെനാൽട്ടികളിൽ നാലാമത്തേതാണ് മെസ്സി കളഞ്ഞുകുളിക്കുന്നത്. കരിയറിൽ ഇരുപതിലേറെ പെനാൽട്ടികൾ മെസ്സി നഷ്ടപ്പെടുത്തി. മത്സരത്തിൽ മെസ്സി 11 ഷോട്ടുകൾ പോസ്റ്റിലേക്ക് പായിച്ചു എന്ന ഗംഭീര നേട്ടം ഈ കളിയുടെ വെറും അടിക്കുറിപ്പ് മാത്രമായി. 
പരമാവധി കളിക്കാരെ പന്തിന് പിന്നിലേക്ക് കൊണ്ടുവന്ന് പ്രതിരോധിക്കുകയായിരിക്കും ഐസ്‌ലന്റിന്റെ വഴിയെന്ന് തുടക്കം മുതലേ വ്യക്തമായിരുന്നു. അതിവേഗം ആക്രമിച്ച് അതിൽ പഴുത് കണ്ടെത്താൻ അർജന്റീനക്കാവുമോയെന്നതായിരുന്നു ചോദ്യം. പത്തൊമ്പതാം മിനിറ്റിൽ സെർജിയൊ അഗ്വിരോയുടെ വൈഭവം അർജന്റീനക്ക് ലീഡ് സമ്മാനിച്ചു. ബോക്‌സിൽ വെട്ടിത്തിരിഞ്ഞ അഗ്വിരൊ ഇടങ്കാലൻ ഷോട്ടിലൂടെ ഗോളിയെ കീഴടക്കി. പക്ഷെ ലീഡ് നാലു മിനിറ്റേ നീണ്ടുള്ളൂ. അർജന്റീനയുടെ പ്രതിരോധം ഛിന്നഭിന്നമായ ഘട്ടത്തിൽ താഴ്ന്നുവന്ന ക്രോസ് സ്‌ട്രൈക്കർ ആൽഫ്രഡ് ഫിൻബോഗാസന്റെ വഴിയിലേക്ക് തട്ടിത്തെറിപ്പിക്കാനേ ഗോളി വില്ലി കബേയേരോക്ക് സാധിച്ചുള്ളൂ. 
ലീഡ് തിരിച്ചുപിടിക്കാനുള്ള അർജന്റീനയുടെ ശ്രമങ്ങളെല്ലാം ഐസ്‌ലന്റിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പാഴായിക്കൊണ്ടിരുന്നു. ഒടുവിൽ അഗ്വിരോയെ ഹോർദൂർ മാഗ്‌നൂസൻ പിന്നിൽ നിന്ന് തള്ളിയതിന് റഫറി പെനാൽട്ടി വിധിച്ചു. മെസ്സി ബോക്‌സിലേക്ക് ഉയർത്തിയ പന്ത് പിടിക്കാൻ ശ്രമിക്കുകയായിരുന്നു അഗ്വിരോയും മാഗ്‌നൂസനും. 
ആദ്യ പകുതിയിൽ 22 ശതമാനം മാത്രം പൊസഷനേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഐസ്‌ലന്റ് നിരവധി അവസരങ്ങൾ ഒരുക്കി. രണ്ടാം പകുതിയിൽ അർജന്റീന തിരമാല കണക്കെ ആക്രമിച്ചു കയറിയപ്പോൾ ഉരുക്കുമതിൽ തീർത്ത് പ്രതിരോധിച്ചു. മത്സരത്തിലെ അവസാന കിക്കിൽ വരെ പ്രായശ്ചിത്തം ചെയ്യാൻ മെസ്സിക്ക് അവസരം കിട്ടി. എന്നാൽ 25 വാര അകലെ നിന്നുള്ള ഫ്രീകിക്ക് ഐസ്‌ലന്റ് മതിലിൽ തട്ടിത്തെറിച്ചതോടെ യോഗ്യതാ റൗണ്ടിൽ നിർത്തിയേടത്തു വെച്ച് അർജന്റീന വീണ്ടും മുടന്താൻ തുടങ്ങി. താഴ്ത്തിയ തലയുമായി മെസ്സി സെന്റർ സർക്കിളിലേക്ക് നീങ്ങിയത് ആരാധകർക്ക് സങ്കടക്കാഴ്ചയായി. 


അരങ്ങേറ്റക്കാരുടെ അങ്കലാപ്പില്ലാതെയാണ് നിലവിലെ റണ്ണേഴ്‌സ്അപ്പിനെതിരെ ഐസ്‌ലന്റ് തുടങ്ങിയത്. സ്വന്തം വലയിൽ ഗോൾ വീഴും മുമ്പെ അവർക്ക് എതിർ വലയിൽ പന്തെത്തിക്കാമായിരുന്നു. ഒരു ബാക്ക്പാസ് നിയന്ത്രിക്കുന്നതിൽ ഗോളി കബയേരൊ പരാജയപ്പെട്ട ഘട്ടത്തിൽ ബിർകിർ ബ്യാർനാസന്റെ ഷോട്ട് അൽപം ലക്ഷ്യം തെറ്റി. അർജന്റീനയുടെ ഗോളിന് ഒരു ഐസ്‌ലന്റ് ഡിഫന്ററെയും കുറ്റം പറയാനാവില്ല. മാർക്കോസ് റോഹോയുടെ പാസ് ബോക്‌സിൽ കാലിലെടുത്ത ശേഷം കൗശലപൂർവം വെട്ടിത്തിരിഞ്ഞ് അഗ്വിരൊ ഷോട്ടെടുക്കാനുള്ള ഇടം കണ്ടെത്തുകയായിരുന്നു. വി.ഐ.പി സെക്ഷനിൽ ഇരുന്ന് കളി വീക്ഷിക്കുകയായിരുന്ന ഡിയേഗൊ മറഡോണയെ ഓർമിപ്പിക്കുന്നതായിരുന്നു ആ ഫിനിഷിംഗ്. ലോകകപ്പ് വേദികളിൽ പുകവലി നിരോധിച്ചിട്ടുണ്ടെങ്കിലും ഫിഫ അംബാസഡറായ മറഡോണ വലിയൊരു സിഗരറ്റ് ആഞ്ഞുവലിച്ചു. 
അർജന്റീനയുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്തിയ ഗോൾകീപ്പർ ഹാൾഡോർസനായിരുന്നു മാൻ ഓഫ് ദ മാച്ച്. ജേതാവിനെ പ്രഖ്യാപിച്ചപ്പോൾ അർജന്റീനാ ആരാധകർ കൂവിവിളിച്ച് കെറുവ് തീർത്തുവെന്നു മാത്രം. തളരാതെ ഓടി ഐസ്‌ലന്റ് പ്രതിരോധ നിര അർജന്റീനാ മുന്നേറ്റ നിരക്കു മുന്നിൽ അവസരങ്ങൾ അടച്ചു. അതേസമയം കബയേരൊ അർജന്റീന പ്രതിരോധത്തിന് ആശങ്കയാണ് സമ്മാനിച്ചത്. വ്യാഴാഴ്ച ക്രൊയേഷ്യയെ നേരിടുമ്പോഴേക്കും അർജന്റീന ഒരുപാട് മെച്ചപ്പെടേണ്ടി വരും. 

Latest News