റിയാദ് - തറാവീഹ് നമസ്‌കാരത്തിനിടെ തന്റെ ദേഹത്ത് പറ്റിപ്പിടിച്ച് കയറി ചുമലിൽ ഇരിക്കുകയും മുത്തം നൽകുന്നതുപോലെ മുഖത്ത് മുഖമുരസുകയും ചെയ്ത പൂച്ചയെ ആർദ്രതയോടെയും അനുകമ്പയോടെയും കൈകാര്യം ചെയ്ത ഇമാം വലീദ് മഹ്‌സാസിനെ അൾജീരിയയിലെ ഇസ്‌ലാമികകാര്യ വകുപ്പ് ആദരിച്ചു. കഴിഞ്ഞ ദിവസം മസ്ജിദിൽ തറാവീഹ് നമസ്‌കാരത്തിനിടെയാണ് ഇമാം വലീദ് മഹ്‌സാസിന്റെ ദേഹത്ത് പൂച്ച പറ്റിപ്പിടിച്ചുകയറിയത്. പൂച്ചയെ ആട്ടിയകറ്റാനോ ദേഹത്തു നിന്ന് വലിച്ച് തള്ളിയിടാനോ മുതിരാതിരുന്ന ഇമാം, നമസ്‌കാരത്തിൽ നടത്തിയ ഖുർആൻ പാരായണത്തിൽ നിന്ന് അണുവിട ശ്രദ്ധതിരിക്കാതെ പൂച്ചയെ ആർദ്രമായും സൗമ്യമായും കൈകാര്യം ചെയ്യുകയായിരുന്നു.
മുവശത്തു കൂടി ഇമാമിന്റെ വസ്ത്രത്തിൽ പറ്റിപ്പിടിച്ച് ദേഹത്ത് കയറിയ പൂച്ച തോളിൽ ഇരിക്കുകയും തന്റെ മുഖം ഇമാമിന്റെ മുഖത്ത് കൂട്ടിയുരസുകയുമായിരുന്നു. ഇമാം റുകൂഇലേക്ക് പോകുന്നതിനു തൊട്ടു മുമ്പ് പൂച്ച ഇമാമിന്റെ തോളിൽ നിന്ന് നിലത്തേക്ക് ചാടി സ്ഥലംവിടുകയും ചെയ്തു. ഈ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ലോകമെങ്ങും വൈറലായി. സാമൂഹികമാധ്യമങ്ങളിലൂടെ 48 മണിക്കൂറിനകം 160 കോടി വ്യൂ വീഡിയോക്ക് ലഭിച്ചു. ലോക ചാനലുകൾ സംപ്രേക്ഷണം ചെയ്ത ഈ വീഡിയോ വെബ്‌സൈറ്റുകളെയും സാമൂഹികമാധ്യമങ്ങളെയും ജ്വലിപ്പിച്ചതായി അൾജീരിയൻ മുസ്‌ലിം പണ്ഡിത സംഘടന വിലയിരുത്തി. സംഭവം ലോകമാകെ വൈറലായതോടെയാണ് ഇമാമിനെ അൾജീരിയയിലെ ഇസ്‌ലാമികകാര്യ വകുപ്പ് പ്രത്യേകം ആദരിച്ചത്.
قطة تفاجئ إمام مسجد وتعتلي كتفه أثناء تلاوته القرآن في التراويح.. شاهد: ردة فعل الأخير https://t.co/pWX59q6bQKpic.twitter.com/pPi6aKprPc
— صحيفة المرصد (@marsdnews24) April 5, 2023