ന്യൂദൽഹി- നരേന്ദ്രമോഡി സർക്കാരിനെതിര പ്രതിപക്ഷ പാർട്ടികളെ ഏകോപിക്കാൻ ചടുല നീക്കവുമായി കോൺഗ്രസ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും ചർച്ച ചെയ്യാൻ രാജ്യത്തെ സമാന ചിന്താഗതിക്കാരായ പാർട്ടി നേതാക്കളുടെ യോഗം ചേരാനാണ് നീക്കം. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചു. ഖർഗെയുടെ ക്ഷണം സ്റ്റാലിൻ നിരസിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.
യോഗം നടക്കുന്ന ദിവസം, സ്ഥലം തുടങ്ങിയവ തീരുമാനിച്ചിട്ടില്ല. തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, എൻ.സി.പി, രാഷ്ട്രീയ ജനതാദൾ, എൽ.ഡി.എഫ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ കൂടി തീരുമാനം അറിഞ്ഞ ശേഷമാകും അന്തിമതീരുമാനം ഉണ്ടാകുക. ബജറ്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാരിനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയതിനു പിന്നാലെയാണ് കോൺഗ്രസിന്റെ ഈ നിർണായക നീക്കം. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ കേസിൽ രാഹുൽഗാന്ധിയെ ശിക്ഷിക്കുകയും പാർലമെന്റിൽ നിന്ന് അയോഗ്യനാക്കുകയും ചെയ്തതിൽ പ്രതിപക്ഷ പാർട്ടികൾ എല്ലാവരും പ്രതിഷേധം അറിയിച്ചിരുന്നു.