Sorry, you need to enable JavaScript to visit this website.

ഷാരൂഖ് സെയ്ഫിക്ക് കരൾരോഗവും: കോടതിയിൽ ഹാജറാക്കി തുടർ നടപടികൾക്ക് ഒരുങ്ങി പോലീസ്

കോഴിക്കോട് - ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി(24)ക്ക് കരൾ രോഗമെന്ന് റിപ്പോർട്ട്. എലിവിഷം പോലുള്ളവ അകത്തു ചെന്നാലോ എലിപ്പനി ബാധിച്ചാലോ, ചിലർക്ക് കരൾ വീക്കമുള്ളപ്പോഴോ കാണുന്ന ലക്ഷണമാണ് പരിശോധനയിൽ തെളിഞ്ഞതെന്നാണ് പറയുന്നത്. 
 രക്ത പരിശോധനയിൽ ചില കാര്യങ്ങളിൽ സംശയമുണ്ടായതിനാലാണ് പ്രതിക്ക് വീണ്ടും വിശദമായ പരിശോധന നടത്തിയതെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. മെഡിക്കൽ കോളജിൽ നടത്തിയ ലിവർ ഫംഗ്ഷണൽ ടെസ്റ്റിലാണ് കരൾ അസുഖം കണ്ടെത്തിയത്. രോഗത്തിന്റെ വ്യാപ്തി സംബന്ധിച്ച കൂടുതൽ പരിശോധനകളും മറ്റും ഇന്നലെ തന്നെ ആരംഭിച്ചിട്ടുണ്ട്. 
 മഞ്ഞപ്പിത്തം ബാധിച്ച് ഇവിടെ ചികിത്സയിൽ കഴിയുന്ന ഷാരുഖ് സെയ്ഫിയെ ആരോഗ്യ സ്ഥിതി പരിഗണിച്ചാവും കോടതിയിൽ ഹാജറാക്കുന്നതും തെളിവെടുപ്പിനായി കൊണ്ടുപോകുന്നതുമെല്ലാം. മെഡിക്കൽ സംഘം ആരോഗ്യാവസ്ഥയിൽ പോസീറ്റീവായ റിപ്പോർട്ട് നൽകിയാൽ പ്രതിയെ ഇന്നുതന്നെ മജിസ്‌ട്രേറ്റ് മുമ്പാകെ നേരിട്ട് ഹാജറാക്കും. മറിച്ചാണെങ്കിൽ ഓൺലൈൻ മുഖേനയോ മറ്റോ ഹാജറാക്കുന്ന കാര്യമാണ് പോലീസ് പരിഗണനയിലുള്ളത്. തുടർന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ പത്തു ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകാനാണ് പോലീസ് ആഗ്രഹിക്കുന്നത്.
 ഇന്നലെ രാത്രി വൈകിയും ഉന്നത പോലീസ് ഉദ്യോഗസ്ഥർ പ്രതി ഷാരൂഖ് സെയ്ഫിയെ പ്രവേശിപ്പിച്ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്നു. അതീവ സുരക്ഷയിലാണ് പോലീസിന്റെ ഓരോ ചലനങ്ങളും. 
 നിർണായക ചോദ്യങ്ങൾക്കൊന്നും ഷാരൂഖ് ഇതുവരെയും കൃത്യമായ മറുപടി നിൽകിയിട്ടില്ല. ചില നടപടികൾ ദുരൂഹമാണെന്നും പല ചോദ്യങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്നതും പരസ്പര വിരുദ്ധ മറുപടികൾ നൽകിയതായും വിവരമുണ്ട്. ആയതിനാൽ വിശദമായ ചോദ്യം ചെയ്യലിന് പ്രതിയെ വിട്ടുകിട്ടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാവൂ. അതിനാലാണ് ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ നൽകാൻ പോലീസ് ശ്രമിക്കുക.
 തീ വെപ്പിന് പിന്നാലെയുണ്ടായ ഷാരൂഖിന്റെ നിലവിലെ പരുക്കുകൾ നിസ്സാരമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ പക്ഷം. ദേഹമാസകലം കാണപ്പെട്ട ഉരഞ്ഞ പാടുകൾ ട്രെയിനിൽ നിന്ന് ചാടിയപ്പോഴുണ്ടായതാകാമെന്ന നിഗമനത്തിലാണ് അധികൃതർ. കണ്ണിലുണ്ടായ നീരും ഈ ഉരച്ചിലിന് ഇടയിൽ ഉണ്ടായതാണ്. മുഖത്തെ പാടുകളും ഉണങ്ങിപ്പോവും. സാരമായ പരുക്കില്ലെന്നും പരിശോധനയിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നതെന്നും പറയുന്നു. എന്നാൽ കരൾ രോഗം വിശദവും കൃത്യവും ഗൗരവവുമായ ചികിത്സയർഹിക്കുന്ന വിഷയമാണുതാനും.
 

Latest News