Sorry, you need to enable JavaScript to visit this website.

കോക്ക്പിറ്റില്‍ മൂര്‍ഖന്‍ പാമ്പ്; വിമാനം അടിയന്തരമായി ലാന്റ് ചെയ്തു

ജോഹന്നാസ്ബര്‍ഗ്- പാമ്പിനേയും പഴുതാരയേയും പല്ലിയേയും പാറ്റയേയും കണ്ടെന്ന പേരില്‍ ചീത്തപ്പേരുണ്ടാക്കുന്ന എയര്‍ ഇന്ത്യയ്ക്ക് സമാധാനിക്കാം. അതിനേക്കാള്‍ വലിയൊരു ഐറ്റം വിമാനത്തില്‍ കയറി യാത്ര ചെയ്തു. അതും പൈലറ്റിനല്ലാതെ പ്രവേശനമില്ലാത്ത കോക്ക്പിറ്റില്‍! വിമാനം പറത്താനുള്ള പൂതിക്കാണെന്നു തോന്നുന്നു ചെയ്യുന്നത് നോക്കിപ്പഠിക്കാനായിരിക്കും പൈലറ്റിനോട് ചേര്‍ന്നിരിക്കുകയും ചെയ്തു കക്ഷി. 

സംഭവം നടന്നത് ഇന്ത്യയിലൊന്നുമല്ല അങ്ങ് സൗത്ത് ആഫ്രിക്കയിലാണ്. നാല് യാത്രക്കാരുമായി പറക്കുകയായിരുന്ന സ്വകാര്യ വിമാനം ബീച്ച് ക്രാഫ്റ്റ് 58ലായിരുന്നു മൂര്‍ഖന്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തത്. ബ്ലൂംഫോണ്ടെയ്‌നില്‍ നിന്ന് പ്രിട്ടോറിയയിലേക്ക് പോവുകയായിരുന്ന വിമാനം മൂര്‍ഖനെ കണ്ടതോടെ അടിയന്തരമായി വെല്‍കോം നഗരത്തിലാണ് ഇറക്കിയത്. 

പൈലറ്റ് റുഡോള്‍ഫ് എറാസ്മസിന് തന്റെ പിറകിലെന്തോ തണുപ്പ് തോന്നിയതാണ് രക്ഷയായത്. സാധാരണ വെള്ളക്കുപ്പി കൂടെ കരുതാറുള്ളതിനാല്‍ മൂടി അടക്കാത്തതുകൊണ്ട് വെള്ളം മറിഞ്ഞതായിരിക്കുമെന്നാണ് അദ്ദേഹം ആദ്യം കരുതിയത്. എന്നാല്‍ വസ്ത്രത്തിലൂടെ എന്തോ ഇഴയുന്നതുപോലെ അനുഭവപ്പെട്ടപ്പോള്‍ തിരിഞ്ഞു നോക്കി. അപ്പോഴാണ് സീറ്റിനടിയില്‍ തല പിന്നിലേക്ക് താഴ്ത്തുന്ന മൂര്‍ഖനെ അദ്ദേഹം കണ്ടത്. ആ സമയത്ത് വിമാനം പതിനൊന്നായിരം അടി ഉയരത്തിലായിരുന്നു. 

എന്താണ് ചെയ്യേണ്ടതെന്നറിയാത്ത ഏതാനും നിമിഷങ്ങള്‍ പിന്നിട്ടപ്പോള്‍ തത്ക്കാലം യാത്രക്കാരെ വിവരം അറിയിക്കേണ്ടെന്നാണ് അദ്ദേഹം കരുതിയത്. എന്നാല്‍ പിന്നീട് ശാന്തമായി യാത്രക്കാരോട് വിവരം പറയുകയായിരുന്നു. അതോടെ വിമാനത്തില്‍ സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശ്ശബ്ദയാണുണ്ടായത്. 

വെല്‍കോം നഗരത്തിന് മുകളിലൂടെ പറക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. ഉടന്‍ അടുത്തുള്ള വിമാനത്താവളത്തില്‍ അടിയന്തര ലാന്റിംഗ് അനുമതി ചോദിച്ച് വിമാനം ഇറക്കി.  

ലാന്‍ഡ് ചെയ്തതിനു ശേഷം വിമാനം പരിശോധിച്ചപ്പോള്‍ പൈലറ്റിന്റെ സീറ്റിന് താഴെ പാമ്പിനെ കണ്ടെത്തുകയും ചെയ്തു. കടിയേറ്റാല്‍ മുപ്പത് മിനുട്ടിനകം മരിച്ചുപോകാവുന്നത്രയും വിഷമുള്ള ഇനം പാമ്പായിരുന്നു അത്. പൈലറ്റിന്റെ നിശ്ചയദാര്‍ഢ്യമാണ് ഇത്രയും യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതെന്നു പറഞ്ഞ് പല കോണില്‍ നിന്നും അഭിനന്ദനങ്ങള്‍ റുഡോള്‍ഫിനെ തേടിയെത്തി. എന്നാല്‍ താന്‍ ഉത്തരവാദിത്വം മാത്രമാണ് ചെയ്തതെന്നും യാത്രക്കാര്‍കൂടി സഹകരിച്ചതാണ് സാഹചര്യം ഭംഗിയായി കൈകാര്യം ചെയ്യാന്‍ സാധിച്ചതെന്നും അദ്ദേഹം പറയുന്നു. 

തമാശ അതല്ല, വിമാനം ആദ്യം പറയുന്നയര്‍ന്ന വോര്‍സെസ്റ്റര്‍ ഫ്‌ളൈയിംഗ് ക്ലബില്‍ ജോലി ചെയ്യുന്ന രണ്ട് ജീവനക്കാര്‍ ഇഴജന്തുക്കള്‍ വിമാനത്തില്‍ കയറുന്നത് കണ്ടിരുന്നു. പൈലറ്റ് റുഡോള്‍ഫിനും ഈ വിവരം അറിയാം. വിമാനത്തിലെ എന്‍ജിനിയര്‍മാരെ അരിച്ചു പെറുക്കിയിട്ടും പാമ്പിനെ കാണാത്തതിനാല്‍ അത് ഇറങ്ങിപ്പോയിട്ടുണ്ടാകുമെന്ന വിശ്വാസത്തിലാണ് ടേക്ക് ഓഫിന് ഒരുക്കിയത്.

Latest News