Sorry, you need to enable JavaScript to visit this website.

നിതാഖാത്ത് ഫലം നൽകിത്തുടങ്ങിയതായി സൗദി മാനവശേഷി വികസന മന്ത്രാലയം

റിയാദ്-പരിഷ്‌കരിച്ച നിതാഖാത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ ലക്ഷ്യം പൂർത്തീകരിച്ചു വരുന്നതായി  സൗദി മാനവശേഷി വികസന മന്ത്രാലയം വെളിപ്പെടുത്തി. സ്വകാര്യമേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശി വൽക്കരണ തോത് ത്വരിതപ്പെടുത്താനുദ്ദേശിച്ച് നടപ്പിലാക്കിയ നിതാഖാത്തിന്റെ പരിഷ്‌കരിച്ച ഘട്ടങ്ങൾ വഴി 2022 അവസാനത്തോടെ  സ്വകാര്യ തൊഴിൽ മേഖലയിലെ സ്വദേശികളുടെ എണ്ണം 21 ലക്ഷത്തിലേക്കെത്തിക്കാൻ സാധിച്ചു. ഒരു വർഷത്തിനുള്ളിൽ സ്വകാര്യമേഖലയിൽ തൊഴിൽ ലഭിച്ചത് രണ്ട് ലക്ഷത്തി എഴുപത്തിയേഴായിരത്തിലേറെ പേർക്കാണ്. ലക്ഷ്യമിട്ട എണ്ണത്തിന്റെ 80 ശതമാനത്തോളം വരുമിത്. കഴിഞ്ഞ ജനുവരിയിൽ നടപ്പിലാക്കിത്തുടങ്ങിയ നിതാഖാത്ത് രണ്ടാം ഘട്ടം വഴി മൂന്നു മാസത്തിനുളളിൽ 35000 ഓളം സ്വദേശികൾക്കാണ് സ്വകാര്യമേഖലയിൽ തൊഴിൽ ലഭിച്ചത്. അതോടെ രാജ്യത്ത് സ്വകാര്യമേഖലിയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 22 ലക്ഷത്തി ഇരുപത്തിമൂന്നായിരമായി ഉയരുക വഴി തൊഴിലില്ലായ്മ നിരക്ക് സർവകാല  റെക്കോഡായ 8 ശതമാനത്തിലേക്കു താഴുകയും ചെയ്തു. 2021 മധ്യത്തിലായിരുന്നു സൗദി മാനവശേഷി വകുപ്പ് നിതാഖത്തിന്റെ പരിഷ്‌കരിച്ച ഒന്നും രണ്ടും ഘട്ടങ്ങൾ പ്രഖ്യാപിക്കുകയുണ്ടായത്, പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാവകാശം നൽകുകയും സ്വകാര്യമേഖലയിലെ തൊഴിൽ സ്ഥാപനങ്ങളിലെ സ്വദേശിവൽക്കരണത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് പ്രോത്സാഹനമെന്ന നിലയിൽ മാനവശേഷി വികസന നിധി (ഹദഫു)മായി സഹകരിച്ച് സ്വദേശി തൊഴിലാളികളുടെ വേതനത്തിന്റെ നിശ്ചിത വിഹിതം സർക്കാർ വഹിക്കുന്ന പദ്ധതിയും സ്വദേശികളെ നിയമിക്കുന്നതും ഉടനടി പ്രാബല്ല്യത്തിലാകുന്ന പദ്ധതിയും മാനവശേഷി വികസന വകുപ്പ് പ്രഖ്യാപിച്ചിരുന്നു.
 

Latest News