ലണ്ടന്‍- കെറ്ററിംഗില്‍ മലയാളി നഴ്‌സ് അഞ്ജു അശോകിനെയും മക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കണ്ണൂര്‍ സ്വദേശി കെറ്ററിംഗിലെ സാജു ചെലവേല്‍(52) കുറ്റമേറ്റു. ബുധനാഴ്ച നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ നടന്ന നടപടികളില്‍ ആണ് സാജു മൂന്നു കൊലപാതകങ്ങളും തന്റെ കൈകൊണ്ടു നടത്തിയതാണെന്ന് സമ്മതിച്ചത് എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു . ഫോറന്‍സിക് തെളിവുകളടക്കം ശക്തമായ തെളിവുകളുമായാണ് പ്രോസിക്യൂഷന്‍ എത്തിയത്. അതോടെ പ്രതിഭാഗം അഭിഭാഷകരുടെ പ്രതിരോധം ദുര്‍ബലമായി. കാര്യമായ എതിര്‍പ്പ് ഉയര്‍ത്താതെ സാജു കുറ്റം ഏല്‍ക്കുക ആയിരുന്നു. ഇതോടെ വിചാരണ നടപടി ഒഴിവാക്കി ശിക്ഷ വിധിക്കാനുള്ള കാര്യങ്ങളിലേക്ക് നീങ്ങുകയാണ് കോടതി.
ജൂലൈ 3ന് സാജുവിനുള്ള ശിക്ഷ വിധിക്കുവാനാണ് ക്രൗണ്‍ കോടതി തീരുമാനിച്ചിരിക്കുന്നത്. രണ്ടില്‍ കൂടുതല്‍ കൊലപാതകവും അതില്‍ രണ്ടു പേര്‍ കുട്ടികളൂം ആയതിനാല്‍ പരമാവധി ശിക്ഷയില്‍ കുറഞ്ഞ ഒന്നും ലഭിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നില്ല എന്നാണ് നിയമ വിദഗ്ധര്‍ നല്‍കുന്ന സൂചന.
2022ഡിസംബര്‍ 15 നാണ് യുകെ മലയാളി സമൂഹത്തെ നടുക്കിയ കൂട്ടക്കൊലകള്‍ നടന്നത്. എന്‍ എച്ച് എസ് നഴ്സായ അഞ്ജു അശോക്(35), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. കുട്ടികളില്‍ ഒരാളുടെ നില അതീവ ഗുരുതര അവസ്ഥയില്‍ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു.
ഒരു വര്‍ഷം മുന്‍പ് ആണ് കുടുംബം യുകെയില്‍ എത്തിയത്. കെറ്ററിംഗ് ജനറല്‍ ഹോസ്പിറ്റല്‍ വാര്‍ഡ് നഴ്സ് ആയ അഞ്ജു രാവിലെ ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ നിന്നും വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതാവുക ആയിരുന്നു.