തിരുവനന്തപുരം- ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ പോലീസുകാർ ചെയ്യുന്നത് അടിമപ്പണി. വീട്ടുജോലി മുതൽ പട്ടിയെ കുളിപ്പിക്കൽ വരെ ചെയ്യിപ്പിക്കുന്നതായി എ.ഡി.ജി.പിയുടെ മകളുടെ മർദനമേറ്റ ഗവാസ്കർ വെളിപ്പെടുത്തി. മകളുടെ മുന്നിൽ വെച്ച് ചിരിച്ചെന്ന് ആരോപിച്ച് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും മകൾക്കെതിരായ കേസ് പിൻവലിപ്പിക്കാൻ സമ്മർദം ചെലുത്തിയെന്നും അദ്ദേഹം പരാതിപ്പെട്ടു.
എ.ഡി.ജി.പിയുടെ പട്ടിക്കായി മീൻ വറുക്കാൻ ക്യാമ്പിലെത്തിയ പോലീസുകാരനെ മറ്റുള്ളവർ തടഞ്ഞതോടെ ദാസ്യപ്പണിയുടെ തെളിവും പുറത്തായി. സുധേഷ് കുമാറിന്റെ മകളുടെ മർദനമേറ്റ് ആശുപത്രിയിലായതോടെയാണ് എ.ഡി.ജി.പിയുടെ ഡ്രൈവറായ ഗവാസ്കർ ഒന്നര മാസത്തിനിടെ തനിക്കും സഹപ്രവർത്തകർക്കുമുണ്ടായ ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞത്. വീട്ടിലെ ഡ്യൂട്ടിയിലുള്ള പോലീസുകാരെക്കൊണ്ട് വീട്ടുജോലി, മീൻ വാങ്ങിക്കൽ, ചെരിപ്പ് വൃത്തിയാക്കൽ, പട്ടിയെ കുളിപ്പിക്കൽ തുടങ്ങിയവ ചെയ്യിപ്പിക്കുന്നെന്നാണ് വെളിപ്പെടുത്തൽ. ജോലിക്ക് തയാറായില്ലെങ്കിൽ എ.ഡി.ജി.പിയുടെ മകളും ഭാര്യയും ചീത്ത പറയും. പിന്നെയും എതിർത്താൽ സ്ഥലം മാറ്റും.
മകളുടെ മുന്നിൽ ചിരിച്ചെന്നാരോപിച്ച് എ.ഡി.ജി.പി ജാതിപ്പേര് വിളിച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഈ ആരോപണം ശരിവെക്കുന്ന തെളിവുകൾ ഇന്നലെ രാവിലെ കയ്യോടെ പിടിച്ചു. എ.ഡി.ജി.പിയുടെ വീട്ടിലെ പട്ടിക്കുള്ള മീൻ വറുക്കാനായി എസ്.എ. പി ക്യാമ്പിലെത്തിയ പോലീസുകാരനെ മറ്റുള്ളവർ തടഞ്ഞതോടെയാണ് തെളിവ് പുറത്തായത്.
പോലീസുകാരെ വിട്ട് പട്ടിക്കായി മീൻ വാങ്ങിക്കുന്നത് പതിവാണെന്ന് ജീവനക്കാരും സമ്മതിച്ചു. ഇതോടെ ദാസ്യപ്പണി അവസാനിപ്പിക്കണമെന്നും കേസിൽ സത്യസന്ധമായ അന്വേഷണം വേണമെന്നും കാണിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പോലീസ് അസോസിയേഷൻ പരാതി നൽകി.
വ്യാഴാഴ്ച രാവിലെ പ്രഭാത സവാരിക്കായി എ.ഡി.ജി.പിയുടെ ഭാര്യയെയും മകൾ സ്നിഗ്ധയെയും കനകക്കുന്നിൽ കൊണ്ടുവന്നപ്പോഴാണ് തനിക്ക് മർദനമേറ്റതെന്ന് ഗവാസ്കർ പറയുന്നു. തനിക്ക് എ.ഡി.ജി.പിയുടെ വീട്ടുകാരിൽനിന്ന് നിരന്തരം ഏൽക്കേണ്ടി വരുന്ന പീഡനത്തെക്കുറിച്ച് അദ്ദേഹത്തോട് പരാതിപ്പെട്ടതിലെ അനിഷ്ടം കാരണം സ്നിഗ്ധ ഗവാസ്കറിനെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തിരുന്നത്രേ. രാവിലെ കനകക്കുന്നിൽ വെച്ചും സ്നിഗ്ധ അസഭ്യം തുടർന്നു. അതിനാൽ ഗവാസ്കർ വാഹനം റോഡിന്റെ വശത്ത് നിർത്തി. അസഭ്യം പറയുന്നത് തുടർന്നാൽ വാഹനം എടുക്കാൻ കഴിയില്ലെന്ന് പറഞ്ഞു. ഇതിൽ പ്രകോപിതയായ സ്നിഗ്ധ വണ്ടിയിൽനിന്ന് ഇറങ്ങി ഗവാസ്കറിനോട് വാഹനത്തിന്റെ താക്കോൽ ആവശ്യപ്പെട്ടു. എന്നാൽ, ഔദ്യോഗിക വാഹനമാണ് ഇതെന്നും അത് വിട്ടുതരാൻ കഴിയില്ലെന്നും പറഞ്ഞതിനെ തുടർന്ന് ഓട്ടോ റിക്ഷയിൽ പൊയ്ക്കോളാമെന്നു പറഞ്ഞ് പോയി തിരിച്ചെത്തിയ സ്നിഗ്ധ വാഹനത്തിൽനിന്ന് മൊബൈൽ ഫോൺ എടുക്കുകയും ഗവാസ്കറിനെ ഫോൺ ഉപയോഗിച്ച് കഴുത്തിനു പിന്നിലും മുതുകിലും ഇടിക്കുകയുമായിരുന്നുവെന്ന് ഗവാസ്കർ പറയുന്നു. ഇടിയിൽ ഗവാസ്കറുടെ കഴുത്തിന് താഴെ ക്ഷതമേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
അതേസമയം എ.ഡി.ജി.പി സുധേഷ് കുമാറിനെതിരെ പോലീസിൽനിന്ന് കൂടുതൽ പരാതികൾ ഉയർന്നിട്ടുണ്ട്. ഔദ്യോഗിക വാഹനത്തിന് പുറമെ നാലോളം സർക്കാർ വാഹനങ്ങൾ അദ്ദേഹം അനധികൃതമായി ഉപയോഗിക്കുന്നതായി പോലീസുകാർ പറയുന്നു. മാടമ്പിയെ പോലെയാണ് സുധേഷ് കുമാർ പ്രവർത്തിക്കുന്നത്. സുധേഷ്കുമാറിന്റെ പട്ടിക്ക് യാത്ര ചെയ്യാനും പോലീസ് വാഹനമുണ്ട്. സിവിൽ സർവീസിന് പഠിക്കുന്ന മകളെ ശാരീരിക ക്ഷമത പരീശിലിപ്പിക്കുന്നത് വനിതാ പോലീസ് ഉദ്യോഗസ്ഥയാണ്. മകളോടെപ്പം പ്രഭാത സവാരിക്ക് കൂടെ പോകുക, വ്യായാമത്തിന് ആവശ്യമായ ഉപദേശങ്ങൾ നൽകുക എന്നിവയാണ് ഇവരുടെ ജോലി. വാഹനങ്ങൾ ഓടിക്കുന്നതിനായി മൂന്ന് ഡ്രൈവർമാരെയും വീട്ടിലേയും ഓഫീസിലേയും സുരക്ഷക്കായി 11 പുരുഷ പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.
വിവിധ ബറ്റാലിയനുകളിലെ കാന്റീൻ ജോലിക്കായി കൊടുത്തിരിക്കുന്ന കുക്ക്, സ്വീപ്പർ, കാർപെന്റർ എന്നീ തസ്തികയിൽ ജോലി ചെയ്യുന്ന നിരവധി പേരെ വീട്ടു ജോലിക്കായി നിയോഗിച്ചിട്ടുണ്ട്. വീട്ടിൽ ജോലിക്ക് നിയോഗിച്ചതിലും മാനസിക പീഡനത്തിലും മനം നൊന്ത് അടുത്തിടെയാണ് ഒരു ഡ്രൈവർ നീണ്ട അവധിയിൽ പ്രവേശിച്ചത്. മുൻമന്ത്രിയും നിലവിൽ എം.പിയുമായ ഒരു മുതിർന്ന മുസ്ലിം ലീഗ് നേതാവ് തിരുവനന്തപുരത്ത് താമസിക്കുന്ന വാടക വീട് തനിക്ക് ഇടനില നിന്ന് വാങ്ങി നൽകാത്തതിന് ഒരു മുതിർന്ന കമാൻഡിനെ പരസ്യമായി ശകാരിച്ചതും ഇപ്പോൾ ചർച്ചയാകുന്നുണ്ട്.